|

മലയാള സിനിമയ്ക്കും എനിക്കും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി തന്ന ചിത്രമാണത്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. വടക്കന്‍പാട്ട് കഥകളെ ആധാരമാക്കി അണിയിച്ചൊരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. നാല് ദേശീയ അവാര്‍ഡുകളും എട്ട് സംസ്ഥാന അവാര്‍ഡുകളും നേടിയ ചിത്രം ഇന്നും ക്ലാസിക്കായി വാഴ്ത്തപ്പെടുന്നുണ്ട്. ഇന്നലെ (ഫെബ്രുവരി ഏഴ്) ചിത്രം റീ റിലീസ് ചെയ്തിരുന്നു.

മലയാള സിനിമയ്ക്കും തനിക്കും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി തന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്ന് മമ്മൂട്ടി പറയുന്നു. വർഷങ്ങൾക്ക് മുമ്പിറങ്ങിയ സിനിമ വീണ്ടും റീ റിലീസ് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സിനിമ റീ റിലീസ് ചെയ്യണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച വ്യക്തി നിർമാതാവ് പി.വി.ഗംഗാധരൻ ആയിരുന്നുവെന്നും മമ്മൂട്ടി പറയുന്നു. അദ്ദേഹത്തിന്റെ മക്കളാണ് ഇപ്പോൾ ഇത് നടപ്പാക്കിയതെന്നും എല്ലാവർക്കും വീണ്ടുമൊരിക്കൽ കൂടി കാണാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘മലയാള സിനിമയ്ക്കും വ്യക്തിപരമായി എനിക്കും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കിത്തന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥ. പ്രിയപ്പെട്ട എം.ടി. വാസുദേവൻ നായർ തിരക്കഥ എഴുതി ഹരിഹരൻ സംവിധാനം ചെയ്‌ത്, ഗൃഹലക്ഷ്‌മി പ്രൊഡക്‌ഷൻസ് നിർമിച്ച് 1989-ൽ റിലീസ് ചെയ്‌ത ഈ സിനിമ വീണ്ടും പുതിയ സാങ്കേതിക വിദ്യകളോടെ റിലീസ് ചെയ്തതിൽ ഏറെ സന്തോഷമുണ്ട്.

വടക്കൻ വീരഗാഥ 4കെ അറ്റ്‌മോസിൽ റിലീസ് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് പി.വി.ജി (പി.വി. ഗംഗാധരൻ) റീ റിലീസിങ്ങിനെക്കുറിച്ച് ഞങ്ങൾ ഒരുപാട് സംസാരിച്ചിട്ടുണ്ട്. അന്ന് എന്തുകൊണ്ടോ അത് നടക്കാതെപോയി. ഇന്ന് അദ്ദേഹത്തിൻ്റെ മക്കൾ ആ സ്വപ്നം സാക്ഷാത്‌കരിക്കുകയാണ്. നേരത്തേ കണ്ടവർക്ക് വീണ്ടുമൊരിക്കൽകൂടി കാണാനും പുതിയ കാഴ്‌ചക്കാർക്ക് കൂടുതൽ മിഴിവോടെ ചിത്രം കാണാനുമുള്ള അവസരമാണിത്,’മമ്മൂട്ടി പറയുന്നു.

ബസൂക്കയാണ് ഈ വർഷം റിലീസാവാനുള്ള അടുത്ത മമ്മൂട്ടി സിനിമ. റിലീസ് ഡേറ്റ് പല തവണ മാറ്റിവെച്ച ബസൂക്ക ഏപ്രിൽ 10 പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്.

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ഡൊമിനിക്ക് ആൻഡ് ലേഡീസ് പേഴ്‌സ് ആയിരുന്നു ഈ വർഷമിറങ്ങിയ ആദ്യ മമ്മൂട്ടി ചിത്രം. മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക്‌ ശേഷം ഒന്നിക്കുന്ന മഹേഷ് നാരായണൻ സിനിമയും ഈ വർഷം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Mammooty About Rerelease Of Oru Vadakkan Veeragadha Movie