| Thursday, 28th September 2023, 6:33 pm

ഇതൊരു സാധാരണ അടി പടമല്ല; കണ്ണൂര്‍ സ്‌ക്വാഡ് വേറെ ലെവന്‍: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂര്‍ സ്‌ക്വാഡ് എന്ന തന്റെ ഏറ്റവും പുതിയ സിനിമയെ കുറിച്ച് നടന്‍ മമ്മൂട്ടി. ഇതൊരു സാധാരണ അടി പടമല്ലെന്നും വേറെ രീതിയിലാണ് സിനിമ ചിത്രികരിച്ചുവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായതുകൊണ്ട് തന്നെ ഒരു കേസന്വേഷണവും കേസിന്റെ പുറകെ നടന്ന് പ്രതികളെ കണ്ടുപിടിക്കലാണ് ചിത്രത്തിലെന്നും മമ്മൂട്ടി പറഞ്ഞു. കണ്ണൂര്‍ സ്‌ക്വാഡിന്റെ ക്രൂവിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

‘ഇതൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. സ്വാഭാവികമായിട്ട് ഒരു കേസന്വേഷണം. കേസിന്റെ പുറകെ നടന്ന് പ്രതികളെ കണ്ടുപിടിക്കുന്നു, അത്രേയുള്ളൂ. പക്ഷേ, അതെങ്ങനെ ചെയ്തു എന്നുള്ളതാണ് നമ്മള്‍ സിനിമയായിട്ട് കാണിക്കുന്നത്.

സാധാരണ ഒരു അടി പടം പോലെയല്ല. കണ്ണൂര്‍ സ്‌ക്വാഡ് വേറെ രീതിയിലാണ് എടുത്തുവെച്ചിരിക്കുന്നത്. എല്ലാം സിനിമയും നമ്മുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. സിനിമ റിലീസായി അതിന്റെ ഫലം വരുന്നതുവരെ നമുക്ക് വലിയ സംഘര്‍ഷവും ആകാംഷയും പരിഭ്രവുമെല്ലാം ഉണ്ടാകും,’ മമ്മൂട്ടി പറഞ്ഞു.

അതേസമയം, ആദ്യഷോ കഴിഞ്ഞപ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തിയേറ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ പൂര്‍ണ സംതൃപ്തിയാണ് ചിത്രം നല്‍കുന്നതെന്നും കണ്ണൂര്‍ സ്‌ക്വാഡിലൂടെ മികച്ച മറ്റൊരു പുതുമുഖ സംവിധായകനെ കൂടി മമ്മൂട്ടി മലയാളത്തിന് നല്‍കിയെന്നും പ്രേക്ഷകര്‍ പറയുന്നു.

പ്രകടനത്തിലേക്ക് വരുമ്പോള്‍ മമ്മൂട്ടിയുടെ കാര്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ട ആവശ്യമില്ലെന്നും ചിത്രത്തിന്റെ ഭാഗമായ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും അഭിപ്രായങ്ങളുണ്ട്.

സുഷിന്‍ ശ്യാമിന്റെ മ്യൂസിക് ചിത്രത്തിന് മുതല്‍ക്കൂട്ടായെന്നും ഇന്‍വെസ്റ്റിഗേഷന്‍ മാത്രമല്ല, ഇമോഷണലിയും ചിത്രം കണക്ടാവുന്നുണ്ടെന്നും ചിത്രം കണ്ടവര്‍ പറയുന്നു. ആദ്യദിവസത്തെ പ്രതികരണങ്ങള്‍ ഇനി വരുന്ന ദിവസങ്ങളിലും തുടര്‍ന്നാല്‍ ചിത്രം സൂപ്പര്‍ ഹിറ്റാവുമെന്ന പ്രതീക്ഷയാണുള്ളത്.

ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

Content Highlights: Mammooty about Kannur Squad movie

Latest Stories

We use cookies to give you the best possible experience. Learn more