മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായിരുന്നു കലാഭവൻ മണി. പ്രേക്ഷകർക്ക് എന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങി മലയാളത്തിലെ മുൻനിര തരങ്ങൾക്കൊപ്പമെല്ലാം നിറഞ്ഞ് നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
മണിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് മമ്മൂട്ടി. സിനിമയിൽ വന്ന ശേഷം മണിയൊരിക്കൽ തന്നോട് മമ്മൂട്ടി ഫാൻസ് അസോസിയേഷനിൽ പ്രവർത്തിച്ചതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും തനിക്ക് ശാസിക്കാൻ അധികാരമുള്ള നടനാണ് മണിയെന്നും മമ്മൂട്ടി പറയുന്നു.
മലയാളം അറിയാവാത്തവർ പോലും മണിയുടെ പാട്ട് കേട്ട് ഡാൻസ് കളിക്കുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ഇത്രയും പെട്ടെന്ന് പോകേണ്ട ഒരാളല്ലായിരുന്നു അദ്ദേഹമെന്നും മമ്മൂട്ടി പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയിൽ വന്ന ശേഷം ഒരിക്കൽ മണി പറഞ്ഞു, ചെറുപ്പത്തിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ നേതാവായിരുന്നുവെന്ന്. അതുകേട്ടപ്പോൾ ഞാൻ ചിരിച്ചൊഴിഞ്ഞെങ്കിലും വിശ്വസിപ്പിക്കാനെന്നോണം മണി കുറേ പഴയ കഥകൾ പറഞ്ഞു.
തെറ്റു ചെയ്തതായി അറിഞ്ഞാൽ, വിളിച്ച് ശാസിക്കാനുള്ള അധികാരം മണിയെനിക്ക് നൽകിയിരുന്നു. ഞാൻ വഴക്കുപറയുമ്പോൾ തലകുനിച്ച് കണ്ണുനിറയ്ക്കുന്ന മണിയുടെ ചിത്രം ഇന്നും ഓർമയിലുണ്ട്.
ആൾക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കുംവിധം നാടൻപാട്ടുകളെ ശക്തമായി അവതരിപ്പിച്ചതിൽ മണിക്ക് വലിയ പങ്കുണ്ട്. നൂറ് കണക്കിന് പാട്ടുകൾ മണി തേടിപ്പിടിച്ച് കണ്ടെത്തി അവതരിപ്പിച്ചു. അറിയാവുന്നവരെക്കൊണ്ടെല്ലാം എഴുതിച്ചു. സ്വന്തമായൊരു ഗായകസംഘമുണ്ടായി. വിദേശരാജ്യങ്ങളിൽ നമ്മുടെ നാട്ടുകാർക്കൊപ്പം മലയാളം അറിയാത്തവർ പോലും മണിയുടെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്നത് അത്ഭുതത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്.
അവസാനകാലത്ത് മണിയെ ക്ഷീണിതനായി കണ്ടപ്പോൾ ശാരീരിക ബുദ്ധിമുട്ടുകളെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്നായിരുന്നു മണിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി മണി ഇത്രപെട്ടെന്ന് പോകേണ്ട ഒരാളല്ല. പക്ഷേ, കാലം തട്ടിപ്പറിച്ചുകൊണ്ടുപോയി. നമുക്ക് കാണികളായി നിൽക്കാനേ കഴിയൂ,’മമ്മൂട്ടി പറയുന്നു.