| Wednesday, 13th November 2024, 6:29 pm

ജ്യോതികയുടെ ആ സിനിമയൊഴികെ ബാക്കിയൊക്കെ കൊമേഴ്ഷ്യല്‍ ചിത്രങ്ങളാണ്, കാതലിലേക്ക് വിളിക്കുന്നത് അങ്ങനെ: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ സിനിമയാണ് കാതല്‍ ദി കോര്‍. സ്വവര്‍ഗാനുരാഗം പ്രധാനപ്രമേയമായി വന്ന ചിത്രം കേരളത്തിന് പുറത്തും ചര്‍ച്ചചെയ്യപ്പെട്ടു. മമ്മൂട്ടിയുടെ പെര്‍ഫോമന്‍സിനെയും ചിത്രം നിര്‍മിക്കാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെയും ഇന്ത്യന്‍ സിനിമയിലെ പലരും പ്രശംസിച്ചിരുന്നു.

ഒരു ഇടവേളക്ക് ശേഷം തമിഴ് നടി ജ്യോതിക മലയാളത്തിൽ ചെയ്ത സിനിമ കൂടിയായിരുന്നു കാതൽ ദി കോർ. മമ്മൂട്ടിയെ പോലെ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ജ്യോതികക്കും കഴിഞ്ഞിരുന്നു.

മമ്മൂട്ടി കമ്പനിയായിരുന്നു കാതൽ നിർമിച്ചിരുന്നത്. താൻ ജ്യോതികയുടെ സിനിമകൾ കാണാറുണ്ടെന്നും അവയിൽ മൊഴി എന്ന സിനിമയാണ് തനിക്കിഷ്ടമെന്നും മമ്മൂട്ടി പറയുന്നു. ബാക്കി ഭൂരിഭാഗവും കൊമേർഷ്യൽ സിനിമകളാണെന്നും ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലൊക്കെ ജ്യോതിക അഭിനയിച്ചത് കണ്ടിട്ടാണ് താൻ കാതലിലേക്ക് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ജ്യോതികയുടെ പടങ്ങള്‍ കാണാറുണ്ട്. ഊമയായ കഥാപാത്രമായി അഭിനയിച്ച സിനിമയില്ലേ, മൊഴി, ആ സിനിമ ഇഷ്ടമാണ്. ബാക്കിയൊക്കെ മിക്കവാറും കൊമേഴ്ഷ്യല്‍ സിനിമകളാണ്. പിന്നെ രണ്ടാം വരവില്‍ മഞ്ജു വാര്യറുടെ സിനിമയുടെ റീമേക്ക് ഒക്കെ ചെയ്തില്ലേ. അതുകൊണ്ടാണ് കാതലിലേക്ക് ജ്യോതികയെ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചത്.

കാരണം ഇപ്പോള്‍ ജ്യോതികയുടേതായി അങ്ങനത്തെ സിനിമകളാണ് വരുന്നത്. പൊലീസ് ഓഫീസറായി അഭിനയിച്ച ഒരു സിനിമയുണ്ട്, നാച്ചിയാര്‍. അതൊക്കെ കണ്ടപ്പോള്‍ ജ്യോതികയെ വിളിച്ചാല്‍ വരും എന്നൊരു ധാരണയുണ്ടായിരുന്നു. ജ്യോതിക വരുമെന്ന് എനിക്ക് ഒരു ആത്മവിശ്വാസമുണ്ടായിരുന്നു.അങ്ങനെയാണ് കാതലിലേക്ക് ഞാൻ വിളിക്കുന്നത്,’ മമ്മൂട്ടി പറഞ്ഞു.

അതേസമയം ബസൂക്കയാണ് മമ്മൂട്ടിയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ് , മമ്മൂട്ടി – വിനായകൻ ചിത്രം തുടങ്ങി ഒരുപിടി മികച്ച സിനിമകൾ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുണ്ട്.

Content Highlight: Mammooty About Jyothika And Kaathal Movie

We use cookies to give you the best possible experience. Learn more