Entertainment
ഗാംഭീര്യം കിട്ടാൻ അതിരാവിലെ എഴുന്നേറ്റാണ് ആ സൂപ്പർഹിറ്റ് ചിത്രത്തിൽ ഞാൻ ഡബ്ബ് ചെയ്തത്: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 01, 06:56 am
Saturday, 1st February 2025, 12:26 pm

അഞ്ച് പതിറ്റാണ്ടിലധികമായി മലയാളസിനിമയുടെ അഭിമാനമായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് മമ്മൂട്ടി. കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ച് നിറഞ്ഞാടുന്ന മമ്മൂട്ടി തന്റെ അഭിനയശൈലി കൊണ്ട് പ്രേക്ഷകരെ ഇന്നും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇന്നും പല സിനിമാചര്‍ച്ചകളിലും മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ സംസാരവിഷയമായി കടന്നുവരുന്നുണ്ട്.

മൂന്ന് വട്ടം മികച്ച നടനുള്ള ദേശീയ അവാർഡ് അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. വോയിസ് മോഡ്യുലേഷനിലും ഡബ്ബിങ്ങിലുമുള്ള മമ്മൂട്ടിയുടെ കഴിവിനെ നിരവധിയാളുകൾ പ്രശംസിച്ചിട്ടുണ്ട്. വടക്കൻ വീരഗാഥ എന്ന സിനിമയിൽ ഡബ്ബ് ചെയ്ത് അനുഭവം പങ്കുവെക്കുകയാണ് മമ്മൂട്ടി. എം.ടി.വാസുദേവൻ നായരുടെ രചനയിൽ ഹരിഹരൻ ഒരുക്കിയ ക്ലാസ്സിക്ക് സിനിമയാണ് ഒരു വടക്കൻ വീരഗാഥ.

സിനിമയിലെ ക്ലൈമാക്സിൽ അതിഗംഭീര പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. ഡയലോഗിന് ഗാംഭീര്യം കിട്ടാൻ അതിരാവിലെ എഴുന്നേറ്റാണ് ആ സീൻ താൻ ഡബ്ബ് ചെയ്തതെന്നും രാവിലെ എഴുന്നേൽക്കുമ്പോൾ ബേസ് സൗണ്ടായിരിക്കും ഉണ്ടാവുകയെന്നും മമ്മൂട്ടി പറയുന്നു. ആ ഭാഗം മൊത്തം അത്തരത്തിലാണ് ഡബ്ബ് ചെയ്തതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

‘ഒരു വടക്കൻ വീരഗാഥയിൽ ഞാൻ അതിരാവിലെ എഴുന്നേറ്റ് ഡബ്ബ് ചെയ്തിട്ടുണ്ട്. കാരണം രാവിലെ പോയാൽ നമുക്ക് സൗണ്ടിൽ നല്ല ബേസ് കിട്ടും. കാരണം രാവിലെ എണീക്കുമ്പോൾ ഉറക്ക ക്ഷീണത്തിൽ നമ്മുടെ സൗണ്ടിൽ നല്ല മാറ്റം ഉണ്ടാവും.

അപ്പോൾ ശബ്ദത്തിന് നല്ല ബേസ് വരും. വടക്കൻ വീരഗാഥയിലെ അവസാന സീൻ മാത്രമേ അങ്ങനെ ഡബ്ബ് ചെയ്തിട്ടുള്ളൂ. ‘എനിക്ക് പിറക്കാതെ പോയ ഉണ്ണിയാണ്’ എന്ന ഡയലോഗില്ലേ, ആ ഭാഗം മുഴുവൻ അത്തരത്തിലാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. ഒരു ഗാംഭീര്യം കിട്ടാൻ വേണ്ടിയാണ് അങ്ങനെ ഡബ്ബ് ചെയ്തത്,’മമ്മൂട്ടി പറയുന്നു.

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ബസൂക്കയാണ് അടുത്തതായി റിലീസാവാനുള്ള മമ്മൂട്ടി ചിത്രം.

Content Highlight: Mammooty About Dubbing Of Oru Vadakkan Veeragadha Movie