പള്ളിക്കൂടത്തില്‍ തോറ്റു, പ്രീഡിഗ്രി തോറ്റു; ജീവിതം വരെ പണയംവച്ച് സിനിമയ്ക്കു പോയ ആളാണ് താനെന്ന് മമ്മൂട്ടി
Mammootty
പള്ളിക്കൂടത്തില്‍ തോറ്റു, പ്രീഡിഗ്രി തോറ്റു; ജീവിതം വരെ പണയംവച്ച് സിനിമയ്ക്കു പോയ ആളാണ് താനെന്ന് മമ്മൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th June 2019, 11:12 am

ജീവിതം വരെ പണയംവച്ച് സിനിമയ്ക്കു പോയ ആളാണ് താനെന്ന് മമ്മൂട്ടി. സിനിമയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് മമ്മൂട്ടി വാചാലനായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുനുന്നത്. കെ കെ രാജീവ് സംവിധാനം ചെയ്യുന്ന എവിടെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് മമ്മൂട്ടി ഇക്കാര്യങ്ങള്‍ ഓര്‍ത്തെടുത്തത്.

എനിക്ക് സിനിമ ഒരുപാട് ഇഷ്ടമാണ്. സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്. സിനിമ കാണാന്‍ പോയതു കാരണം പള്ളിക്കൂടത്തില്‍ ഒരുവര്‍ഷം നഷ്ടപ്പെടുത്തി. പ്രീഡിഗ്രി സെക്കന്‍ഡ് ഇയര്‍ തോറ്റു. ജീവിതം വരെ പണയംവച്ച് സിനിമയ്ക്കു പോയ ആളാണ് താനെന്ന് മമ്മൂട്ടി പറഞ്ഞു.

ചിത്രത്തിന്റെ കഥയെഴുതിയ ബോബി-സഞ്ജയ് എന്നിവരെ കുറിച്ചും ഇരുവരുടെയും പിതാവും നിര്‍മ്മാതാവും അഭിനേതാവുമായ പ്രേം പ്രകാശിനെ കുറിച്ചും മമ്മൂട്ടി തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു.
ബോബിയും സഞ്ജയും ഇപ്പോഴും പറയുന്നതു കേട്ടാല്‍ ഇപ്പോഴും അവര്‍ വലുതായിട്ടില്ലെന്ന് തോന്നും. ഞങ്ങള്‍ വളരെ ചെറുപ്പത്തിലാണ്. എല്ലാം ചെറുപ്പത്തിലാണ്. ഇവര്‍ ഇനി എന്നാ വലുതാകുകയെന്ന് അറിയില്ല. ഇരുവര്‍ക്കും ഈരണ്ടു മക്കള്‍ വീതമുണ്ട്. എന്നിട്ടും വലുതായിട്ടില്ല, മമ്മൂട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.

പ്രേംപ്രകാശിന്റെ പേര് കറിയാച്ചനെന്നാണ്. പാട്ടുപാടാനാണ് ആദ്യം സിനിമയില്‍ നോക്കിയത്. നടന്നില്ല. പിന്നെ അഭിനയമായി. അരനാഴിക നേരം സിനിമയിലാണ് തുടങ്ങിയത്. പല പരിപാടികള്‍ക്കും കാണുമ്പോള്‍ കറിയാച്ചന്‍ പാട്ടുപാടുന്നത് കാണാം. നിസാര പാട്ടല്ല പാടുന്നേ. മുഹമ്മദ് റാഫിയുടെ പാട്ട്. വേറെ ഏത് പാട്ടായാലും നമുക്ക് കുഴപ്പമില്ല. പാടി തെളിയാത്ത പാട്ടുകാരനാണ് കറിയാച്ചന്‍ എന്നായിരുന്നു പ്രേം പ്രകാശിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകള്‍.