വീണ്ടും ചരിത്രം രചിക്കാന്‍ മമ്മൂട്ടി; മാമാങ്കത്തിന്റെ തീപാറുന്ന ടൈറ്റില്‍ ടീസര്‍ പുറത്ത്
Mollywood
വീണ്ടും ചരിത്രം രചിക്കാന്‍ മമ്മൂട്ടി; മാമാങ്കത്തിന്റെ തീപാറുന്ന ടൈറ്റില്‍ ടീസര്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th April 2018, 8:37 pm

കൊച്ചി: മലയാളത്തില്‍ വന്‍ബജറ്റ് ചരിത്ര/ഇതിഹാസ സിനിമകളുടെ കുത്തൊഴുക്കാണ് വരാനുള്ളത്. മാമാങ്കം, കായംകുളം കൊച്ചുണ്ണി, രണ്ടാമൂഴം, ഒടിയന്‍, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഈ ശ്രേണിയില്‍ പ്രഖ്യാപിക്കപ്പെട്ടത്. മോഹന്‍ലാലിന്റെ ഒടിയനാണ് ഇതുവരെ ഈ ഗണത്തില്‍ ടീസറുകളും ട്രൈലറുകളുമായി കളം നിറഞ്ഞ് നിന്നിരുന്നത്. ഇപ്പോഴിതാ മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത് വിട്ട് മമ്മൂട്ടിയും കളത്തിലിറങ്ങിയിരിക്കുകയാണ്. വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയ ചരിത്രവേഷങ്ങളില്‍ എപ്പോഴും കൈയടി വാങ്ങാറുള്ള മമ്മൂട്ടി മാമാങ്കത്തിലും വിജയം കൊയ്യുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ലോഹലിപിയില്‍ പൗരാണിക രീതിയില്‍ കൊത്തിവച്ച രീതിയിലുള്ള ടൈറ്റിലാണ് കാണിക്കുന്നത്. വയലന്‍സ് നിറഞ്ഞ ഒരു യുദ്ധചിത്രമായിരിക്കും സിനിമ എന്ന സൂചന തരുന്നതാണ് ടൈറ്റില്‍.


Read | ആരാധകരെ ഞെട്ടിച്ച് ദീപികയും രണ്‍ബീറും ഒരു വേദിയില്‍ ഒന്നിച്ചെത്തി; ഇരുവരുടെയും റാംപ് വാക്ക് എറ്റെടുത്ത് സോഷ്യല്‍ മീഡിയ


അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാന സഹായിയായിരുന്ന സജീവ് പിള്ളയാണ് സംവിധാനം. പതിനേഴ് വര്‍ഷത്തെ ഗവേഷണത്തിനുശേഷമാണ് ചിത്രത്തിന്റെ കഥ ഒരുക്കിയതെന്ന് സജീവ് പിള്ള പറയുന്നു. പതിനേഴാം നൂറ്റാണ്ടില്‍ വള്ളുവനാട്ടില്‍ അരങ്ങേറിയിരുന്ന ചരിത്രപ്രധാനമായ മാമാങ്കത്തിന്റെയും അതുമായി ബന്ധപ്പെട്ട ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്. തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്ത് 12 വര്‍ഷം കൂടുമ്പോഴാണ് മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്.

തെന്നിന്ത്യയിലെ അതി പ്രശസ്തനായ ജിം ഗണേഷാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. കമല്‍ഹാസന്റെ വിശ്വരൂപം, ബില്ല 2, തുപ്പാക്കി, ആരംഭം തുടങ്ങിയ ചിത്രങ്ങള്‍ക്കായി സംഘട്ടനം ചിട്ടപ്പെടുത്തിയ കെച്ച ആണ് സ്റ്റണ്ട് കൊറിയോഗ്രഫി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉടയാടകള്‍ ഒരുക്കുന്നത് അനുവര്‍ധനാണ്.