മധുവിന്റെ വീട്ടില്‍ ഇന്ന് മമ്മൂട്ടിയുടെ അഭിഭാഷകനെത്തും; കേസ് നടത്തിപ്പിനായുള്ള നിയമോപദേശം നല്‍കും
Kerala
മധുവിന്റെ വീട്ടില്‍ ഇന്ന് മമ്മൂട്ടിയുടെ അഭിഭാഷകനെത്തും; കേസ് നടത്തിപ്പിനായുള്ള നിയമോപദേശം നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd February 2022, 11:27 am

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടകൊലപാതകത്തിനിരയായ മധുവിന്റെ കേസില്‍ കുടുംബത്തെ സഹായിക്കാനായി നടന്‍ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ വി. നന്ദകുമാര്‍ ഇന്ന് മധുവിന്റെ വീട്ടിലെത്തും.

കേസ് നടത്തിപ്പിനായുള്ള നിയമോപദേശത്തിനായാണ് മമ്മൂട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. സര്‍ക്കാര്‍ തന്നെയായിരിക്കും കേസ് നടത്തുക. മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിര്‍ന്ന അഭിഭാഷകനാണ് വി. നന്ദകുമാര്‍.

കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തോട് മൂന്ന് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ കുടുംബം തീരുമാനമെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് കോടതിയില്‍ മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാതെ വന്നതോടെയാണ് നിയമ സഹായവുമായി മമ്മൂട്ടി രംഗത്ത് വന്നത്.

എന്നാല്‍ കേസ് നടത്തിപ്പ് സര്‍ക്കാര്‍ നിയോഗിക്കുന്ന അഭിഭാഷകന്‍ തന്നെയാകുമെന്നും മമ്മൂട്ടി മധു കേസ് ഏറ്റെടുത്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും മമ്മൂട്ടിയുടെ പി.ആര്‍.ഒ റോബര്‍ട്ട് കുര്യാക്കോസ് വ്യക്തമാക്കിയിരുന്നു.

മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയില്‍ ഹാജരാവാന്‍ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ, മമ്മൂക്കയുടെ നിര്‍ദേശപ്രകാരം മധുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നെന്നും ഒരു കാലതാമസവും വരാതെ നമ്മളാല്‍ കഴിയുന്ന സഹായം അവര്‍ക്ക് എത്തിച്ചു കൊടുക്കണം എന്നായിരുന്നു മമ്മൂട്ടി തനിക്ക് തന്നിരുന്ന നിര്‍ദ്ദേശമെന്നും റോബര്‍ട്ട് പറഞ്ഞിരുന്നു.

നിയമസഹായം ഭാവിയില്‍ ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നത് അനുസരിച്ച് അത് ലഭ്യമാക്കാന്‍ ഉള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്നും കുടുംബത്തിനു ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാന്‍ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റോബര്‍ട്ട് അറിയിച്ചിരുന്നു.

2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. കേസില്‍ വിചാരണ നീളുന്നതില്‍ മധുവിന്റെ കുടുംബം കടുത്ത പ്രതിഷേധത്തിലാണ്.

കേസില്‍ തുടക്കം മുതല്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടുമാസം മുമ്പ് വി.ടി രഘുനാഥ് കത്ത് നല്‍കിയിട്ടും പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നില്ല.

തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശപ്രകാരം പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി നടപടികള്‍ ആരംഭിക്കുകയായിരുന്നു.

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി മധുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും രണ്ട് ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തുവെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവം നടന്ന് നാല് വര്‍ഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ ആരംഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം മുന്നോട്ട് വന്നത്.

Content Highlight: Mammoottys lawyer will reach madhus home today Attappadi Madhu