വടക്കന്‍ വീരഗാഥ വന്നില്ലായിരുന്നെങ്കില്‍ ആ ചിത്രത്തില്‍ കമല്‍ ഹാസന് പകരം മമ്മൂട്ടി നായകനായേനേ: ടി.കെ. രാജീവ് കുമാര്‍
Film News
വടക്കന്‍ വീരഗാഥ വന്നില്ലായിരുന്നെങ്കില്‍ ആ ചിത്രത്തില്‍ കമല്‍ ഹാസന് പകരം മമ്മൂട്ടി നായകനായേനേ: ടി.കെ. രാജീവ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th March 2023, 7:16 pm

കമല്‍ ഹാസനെ നായകനാക്കി ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാണക്യന്‍. ചിത്രത്തിലേക്ക് ആദ്യം മമ്മൂട്ടിയെ ആണ് നായകനായി ആലോചിച്ചതെന്നും അദ്ദേഹം കഥ കേട്ട് അഭിനയിക്കാമെന്ന് സമ്മതിച്ചതായിരുന്നു എന്നും രാജീവ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം മൂലം മമ്മൂട്ടിക്ക് അതിന് സാധിച്ചില്ലെന്നും പകരം കമല്‍ ഹാസനെ കൊണ്ടുവരികയായിരുന്നു എന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രാജീവ് കുമാര്‍ പറഞ്ഞു.

‘ചാണക്യനില്‍ മമ്മൂട്ടി സാറിനെ ആണ് ആദ്യം ആലോചിച്ചത്. അദ്ദേഹത്തോട് കഥ പറഞ്ഞ് ചെയ്യാമെന്ന് സമ്മതിച്ചതുമാണ്. അന്ന് ആക്‌സിഡന്റലായിട്ട് മാറി പോയതമാണ്. വടക്കന്‍ വീരഗാഥയുടെ കമ്മിറ്റ്‌മെന്റ് വന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഇതില്‍ അഭിനയിക്കാന്‍ പറ്റാഞ്ഞത്. അത് പ്രാക്ടിക്കലി പോസിബിളല്ലാതെ വന്നപ്പോഴാണ് അത് വേണ്ടെന്ന് വെച്ചത്. പിന്നെ ഈ സിനിമയിലേക്ക് ഏത് സ്റ്റാറിനെ കൊണ്ടുവരും എന്ന ആലോചനയില്‍ നിന്നുമാണ് കമല്‍ഹാസന്‍ വരുന്നത്. പിന്നെ അദ്ദേഹത്തിന്റെ മാനേജരെ വിളിച്ച് അപ്പോയ്ന്‍മെന്റ് വാങ്ങി. അന്ന് ഓട്ടോയിലാണ് ഞാന്‍ അവിടെ പോകുന്നത്.

പുറത്ത് നിന്ന് ആകത്തേക്ക് കാണുന്ന ഒരു കിളിവാതിലുണ്ട്. ആ കിളിവാതിലിലൂടെ കമല്‍ഹാസന്‍ കാര്‍പോര്‍ച്ചിനടുത്ത് നിന്ന് ഒരാളോട് സംസാരിക്കുന്നത് എനിക്ക് കാണാം. ഏതോ ആരാധകന്‍ വന്നതാണെന്ന് വിചാരിച്ച് സെക്യൂരിറ്റി എന്നെ പറഞ്ഞുവിടാന്‍ നോക്കുകയാണ്. ഞാന്‍ അയാളെ ഫയലൊക്കെ കാണിക്കുന്നുണ്ട്. ഈ ബഹളം കേട്ട് കമല്‍ ഹാസന്‍ സാര്‍ നോക്കി. രാജീവ് എന്ന് വിളിച്ചു ചോദിച്ചു. അതേയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഗേറ്റ് തുറക്കാന്‍ പറഞ്ഞു.

അദ്ദേഹത്തിനൊപ്പം മുറിയില്‍ ചെന്നിരുന്ന് കഥ പറയുന്നതിന് മുമ്പ് തന്നെ ഞാന്‍ ഇതിന് മുമ്പ് ഇത് മമ്മൂട്ടി സാറിനോട് സംസാരിച്ചതാണ് എന്ന് പറഞ്ഞു. ഡേറ്റിന്റെ പ്രശ്‌നം വന്നിരുന്നു, ഇങ്ങനെ ഒരു കാര്യം ഉണ്ടായത് ആദ്യമേ പറയുകയാണെന്ന് അദ്ദേഹത്തിനോട് പറഞ്ഞു. സിനിമ അങ്ങനെയാണല്ലോ രാജീവ്, പല ആളുകളുടെ കമ്മിറ്റ്‌മെന്റ് നോക്കയല്ലേ നമുക്ക് ചെയ്യാന്‍ പറ്റുകയുള്ളൂ, ഈ കഥ കേട്ടിട്ട് എനിക്ക് നിങ്ങള്‍ ഉദ്ദേശിക്കുന്ന സമയത്ത് ഇത് ചെയ്യാന്‍ പറ്റുമോ എന്ന് എനിക്ക് അറിയില്ല, അങ്ങനെയൊക്കെയാണ് സിനിമ എന്നൊക്കെ പറഞ്ഞ് കമല്‍ഹാസന്‍ എനിക്ക് കോണ്‍ഫിഡന്‍സ് തന്നു. എന്നിട്ടാണ് ഞാന്‍ കഥ പറയാന്‍ തുടങ്ങിയത്. വായിച്ചുകഴിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം ഈ സിനിമ ചെയ്യും എന്ന് പറഞ്ഞു,’ രാജീവ് കുമാര്‍ പറഞ്ഞു.

Content Highlight: Mammootty would have replaced Kamal Haasan in chanakyan if Vadkan Veeragatha had not come, says T.K. Rajeev Kumar