| Friday, 17th March 2023, 7:18 pm

വയനാട്ടിലെ ആദിവാസി മൂപ്പന്മാര്‍ക്ക് സ്‌നേഹ സമ്മാനവുമായി മമ്മൂട്ടി; കണ്ണൂര്‍ സ്‌ക്വാഡിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ സെറ്റില്‍ വെച്ച് വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് സ്‌നേഹ സമ്മാനം നല്‍കി മമ്മൂട്ടി. കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയിലെ നിവാസികളെ നടന്‍ സെറ്റിലേക്ക് ഷൂട്ടിങ് കാണാന്‍ ക്ഷണിച്ചാണ് സമ്മാനം നല്‍കിയത്. പുല്‍പ്പള്ളി മടാപറമ്പിലെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഘമെത്തിയത്.

മമ്മൂട്ടിയും സിനിമയുടെ അണിയറപ്രവര്‍ത്തകരും മൂപ്പന്മാര്‍ക്കും സംഘത്തിനും മികച്ച സ്വീകരണം നല്‍കിയാണ് വരവേറ്റത്. കോളനിയിലെ 28 ഓളം കുടുംബങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ആവശ്യമായ വസ്ത്രങ്ങളും നടന്‍ സമ്മാനിച്ചു. ചടങ്ങില്‍ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീമും പങ്കെടുത്തു.

മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവ കാരുണ്യ സംഘടനയായ ഷെയര്‍ ആന്‍ഡ് കെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായാണ് വസ്ത്രങ്ങള്‍ വിതരണം ചെയ്തത്.

വയനാട്ടില്‍ 10 ദിവസത്തെ ഷെഡ്യൂളാണ് കണ്ണൂര്‍ സ്‌ക്വാഡിനുള്ളത്. ഇതിന് ശേഷം എറണാകുളത്തായിരിക്കും ചിത്രീകരണം. ഇതോടെ സിനിമാ ചിത്രീകരണം അവസാനിക്കുമെന്നാണ് സൂചന.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി നിര്‍മിച്ച മറ്റ് ചിത്രങ്ങള്‍.

മമ്മൂട്ടിയുടെ പുതിയനിയമം, ദി ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളുടെ ഛായഗ്രഹകനായിരുന്ന റോബി വര്‍ഗീസ് രാജാണ് ചിത്രത്തിന്റെ സംവിധായകന്‍. റോബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

മമ്മൂട്ടി കമ്പനി കൂടാതെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെയും വേഫാറര്‍ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടന്‍ റോണി ഡേവിഡ് രാജും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

തിരക്കഥ ഒരുക്കുന്ന റോണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വയനാടിന് പുറമേ മുംബൈ, പൂനെ, പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി എന്നിവിടങ്ങളും സിനിമയുടെ പ്രധാന ലൊക്കേഷനുകളാണ്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍: ദി കോര്‍ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം.

content highlight: Mammootty with love gift to tribal elders of Wayanad; The shooting of the Kannur squad has reached its final stage

We use cookies to give you the best possible experience. Learn more