| Thursday, 21st May 2020, 11:48 am

'ഈ യാത്ര തുടരാം, എത്ര കാലം എന്നറിയില്ല'; മലയാള സിനിമ കണ്ട മഹാനടന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അറുപതാം പിറന്നാളാഘോഷിക്കുന്ന നടന്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നത്.

ലാലിന്റെ ജന്മദിനമാണ്, ഞങ്ങള്‍ തമ്മില്‍ പരിചയമായിട്ട് ഏകദേശം 39 വര്‍ഷമായി. പടയോട്ടത്തിന്റെ സെറ്റില്‍ വച്ചാണ്ആദ്യം കാണുന്നത്. ആ പരിചയം ഇതാ ഇന്ന് വരെ. എന്റെ സഹോദരങ്ങള്‍ അഭിസംബോധന ചെയ്യുന്ന പേര് വച്ചാണ് എന്നെ ലാല്‍ വിളിക്കാറുള്ളത്. ഇച്ചാക്ക, പലരും എന്നെ അങ്ങനെ വിളിക്കുമ്പോഴും, ആലങ്കാരികമായ് പലരും അങ്ങനെ വിളിക്കാറുണ്ടെങ്കിലും ലാലെന്നെ അങ്ങനെ വിളിക്കുമ്പോള്‍ എനിക്ക് പ്രത്യേക സന്തോഷമാണ്. എന്റെ സഹോദരങ്ങള്‍ അങ്ങനെ വിളിക്കുമ്പോള്‍ എനിക്ക് പ്രത്യേക സന്തോഷമാണെന്ന് മമ്മൂട്ടി പറഞ്ഞു.

സിനിമയോട് ഗൗരവമുണ്ടെങ്കിലും ജീവിതത്തോട് അത്ര ഗൗരവം കാണുന്നവരായിരുന്നില്ല നമ്മള്‍. കോളേജ് വിദ്യാര്‍ത്ഥികളെ പോലെ പാടിയും ഉല്ലസിച്ചും തമാശ പറഞ്ഞും കളിച്ചും ഒക്കെ നടന്നു. പക്ഷെ തൊഴിലിനോട് ഗൗരവം പുലര്‍ത്തി. നമുക്ക് സാമാന്യം നല്ല മാര്‍ക്കും കിട്ടി. അത് കൊണ്ട് ആളുകള്‍ സ്‌നേഹിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന നടന്‍മാരായി മാറിയതെന്നും മമ്മൂട്ടി പറഞ്ഞു.

അതിന് ശേഷമുള്ള യാത്ര വളരെ നീണ്ട യാത്രയാണ്. ചില്ലറ പരിഭവങ്ങളും പിണക്കങ്ങളുമൊക്കെ നേരിട്ട് കാണുമ്പോള്‍ ഐസ് പോലെ അലിഞ്ഞു തീര്‍ന്നു. എന്റെ മകളുടെ വിവാഹം, മകന്റെ വിവാഹം എന്നിവയൊക്കെ ലാല്‍ സ്വന്തം വീട്ടിലെ വിവാഹം പോലെ നടത്തി തന്നത് എനിക്ക് ഓര്‍മ്മയുണ്ട്. അപ്പുവിനെ ആദ്യമായി സിനിമയില്‍ ഇന്‍ട്രൊഡ്യൂസ്ചെയ്യാന്‍ പോയപ്പോള്‍ എന്റെ വീട്ടില്‍ വന്നതും അനുഗ്രഹം വാങ്ങിയതും സ്‌നേഹം വാങ്ങിയതും പ്രാര്‍ത്ഥനകള്‍ വാങ്ങിയതും ഓര്‍മ്മയുണ്ടെന്നും വലിയ സൗഹൃദം നമുക്കിടയില്‍ വളര്‍ന്നിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

ഈ യാത്രകള്‍ നമുക്ക് തുടരാം, ഇനിയുള്ള കാലം, ഇനി എത്ര കാലം എന്ന് നമുക്കറിയില്ല. നമ്മുടെ ജീവീത പാഠങ്ങള്‍ പിന്നാലെ വരുന്നവര്‍ക്ക് അറിഞ്ഞ് അനുഭവിക്കാനും അറിഞ്ഞ് മനസ്സിലാക്കാനും കഴിയുന്ന പാഠങ്ങളാവട്ടെ. മലയാളത്തിന്റെ ഈ അത്ഭുത കലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍, മമ്മൂട്ടി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more