| Wednesday, 1st December 2021, 10:33 pm

ഞങ്ങളെ അനുഗ്രഹിച്ചതിന് പ്രണാമം; മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രിയദര്‍ശനും മോഹന്‍ലാലും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡിസംബര്‍ 2 ന് പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാറിന് ആശംസകളറിയിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി.

ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് മമ്മൂട്ടി ചിത്രത്തിന് ആശംസകളര്‍പ്പിക്കുന്നത്.

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പുറത്തിറങ്ങുന്നു. എന്റെ പ്രിയപ്പെട്ട ലാലിനും പ്രിയനും ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍,’ എന്നാണ് മമ്മൂട്ടി ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

പോസ്റ്റിന് പിന്നാലെ ആരാധകര്‍ കമന്റുകളുമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകനായ പ്രിയദര്‍ശന്‍ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് കമന്റുമായി എത്തിയിട്ടുണ്ട്.

‘പ്രിയപ്പെട്ട മമ്മൂട്ടിക്ക, ഒരായിരം പ്രണാമം ഞങ്ങളോട് കാണിച്ച സ്‌നേഹത്തിന്… ഞങ്ങളെ അനുഗ്രഹിച്ചതിന്,’ എന്നാണ് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിമിഷങ്ങളെണ്ണിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗ്രാന്റ് ട്രെയ്‌ലറിനും മറ്റ് ടീസറുകള്‍ക്കും മികച്ച പ്രതികരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ അറുന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.

ഇന്ത്യയില്‍ മാത്രമല്ല ഇറ്റലിയിലും പോളണ്ടിലും അര്‍മേനിയയിലുമടക്കം മരക്കാര്‍ ചര്‍ച്ചയാവുകയാണ്. പല രാജ്യങ്ങളിലപം ഫാന്‍സ് ഷോയും ആരാധകര്‍ ഒരുക്കിയിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ആദ്യം ഒ.ടി.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mammootty wishes good luck for Marakkar and team, Priyadarshan thanks in comment section

We use cookies to give you the best possible experience. Learn more