| Monday, 18th September 2023, 5:41 pm

ഉമ്മന്‍ ചാണ്ടിയുടെയും പിണറായി വിജയന്റെയും യോഗത്തില്‍ മമ്മൂട്ടി പങ്കെടുക്കും. അദ്വാനിയുടെ പുസ്തകം പ്രകാശനം ചെയ്തതും അദ്ദേഹമാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ഉമ്മന്‍ ചാണ്ടിയുടെയും പിണറായി വിജയന്റെയും യോഗത്തില്‍ ഒരേ പോലെ പങ്കെടുക്കുമെന്നും അദ്വാനിയുടെ പുസ്തകം പ്രകാശനം ചെയ്തത് അദ്ദേഹമാണെന്നും നടന്‍ ജഗദീഷ്. രാഷ്ട്രീയത്തില്‍ മമ്മൂട്ടിയുടെ ആ സമീപനമാണ് താന്‍ ഇനി സ്വീകരിക്കുക എന്നും ജഗദീഷ് മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

താന്‍ രാഷ്ട്രീയം പൂര്‍ണമായും ഉപേക്ഷിച്ചെന്നും ജനങ്ങളാണ് താന്‍ രാഷ്ട്രീയത്തിന് പറ്റിയ ആളല്ല എന്ന സര്‍ട്ടിഫിക്കറ്റ് തന്നതെന്നും ജഗദീഷ് പറഞ്ഞു

‘തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കൊണ്ടല്ല ഞാന്‍ രാഷ്ട്രീയം ഉപേക്ഷിച്ചത്. കുട്ടികള്‍ക്കും രമക്കും ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. അവരുടെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിക്കാനുള്ള അവസരം എനിക്ക് ഇപ്പോഴാണ് ലഭിച്ചത്. രാഷ്ട്രീയത്തില്‍ ഞാന്‍ ഇപ്പോള്‍ ഫോളോ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് മമ്മൂട്ടിയെയാണ്.

അദ്ദേഹം എല്ലാ പാര്‍ട്ടിക്കാരോടും ഒരു പോലെ അടുപ്പമുണ്ട്. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ മത്സരിക്കുന്ന മൂന്ന് സ്ഥാനാര്‍ത്ഥികളും അദ്ദേഹത്തിന്റെ വീട്ടില്‍ വരികയും അദ്ദേഹത്തെ കാണുകയും ചെയ്യുന്നുണ്ട്. മമ്മൂട്ടി ഉമ്മന്‍ ചാണ്ടിയുടെയും പിണറായി വിജയന്റെയും യോഗങ്ങളില്‍ പങ്കെടുക്കും. അദ്വാനിയുടെ പുസ്തകം പ്രകാശനം ചെയ്തതും മമ്മൂട്ടിയാണ്.

എല്ലാ പാര്‍ട്ടികള്‍ക്കും അദ്ദേഹം സ്വീകാര്യനാണ്. സമദൂരമല്ല, സമ അടുപ്പമാണ് അദ്ദേഹത്തിന്റെ ലൈന്‍. ആ ലൈന്‍ ഫോളോ ചെയ്യാനാണ് ഞാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ എനിക്ക് വളരെ സന്തോഷമുണ്ട് ഇപ്പോള്‍. പരാജയപ്പെട്ടു എന്ന കുറ്റബോധവും മാറി. എല്ലാവര്‍ക്കും എന്നോടും വലിയ അടുപ്പവുമാണ്,’ ജഗദീഷ് പറഞ്ഞു.

content highlights: Mammootty will attend the meeting of Oommen Chandy and Pinarayi Vijayan. He also published Advani’s book

We use cookies to give you the best possible experience. Learn more