ഒരു താരത്തിന് കരിയറില്‍ ക്ലാസിക് സിനിമകളും മാസ് സിനിമകളും ഒരു പോലെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും ആ താരം ഒരു സൂപ്പര്‍ സ്റ്റാര്‍ കൂടിയാവുമ്പോള്‍. എന്നാല്‍ ക്ലാസും മാസും ഒന്നിച്ചു ചേര്‍ന്ന് ഒരു ചിത്രം വന്നാലോ. മോഹന്‍ലാലിന്റെ കരിയറില്‍ അത്തരം ചിത്രങ്ങളെടുത്താല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതായിരിക്കും ദേവാസുരം.
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രം 1993ലാണ് പുറത്തിറങ്ങിയത്. രേവതി നായികയായ ചിത്രത്തില്‍ ഇന്നസെന്റ്, നെടുമുടി വേണു, നെപ്പോളിയന്‍, ചിത്ര, ശങ്കരാടി തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.
ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകനാകേണ്ടിയിരുന്നതെന്ന് ഒട്ടുമിക്ക സിനിമാ പ്രേമികള്‍ക്കും അറിയാവുന്ന കാര്യമാണ്. മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ ഹരിദാസ് ചെയ്യാനിരുന്ന ചിത്രമാണ് ദേവാസുരം. അന്ന് മമ്മൂട്ടിക്ക് ഈ ചിത്രം ചെയ്യാന്‍ സാധിക്കാതെ പോയതിന് കാരണം മറ്റൊരു ക്ലാസിക് മാസ് ചിത്രമായ ധ്രുവമാണ്.
ചിത്രത്തിന്റെ തിരക്കിനിടയില്‍ മമ്മൂട്ടിക്ക് കഥ കേള്‍ക്കാനാവാതെ പോവുകയായിരുന്നു. പിറ്റേ ദിവസം കൂടി ചെന്നൈയില്‍ നില്‍ക്കാന്‍ സാധിക്കാതിരുന്ന രഞ്ജിത്തും ഹരിദാസും അവിടെ നിന്നും മടങ്ങി. പിന്നെ നടന്നത് ചരിത്രം. മോഹന്‍ലാലിന്റെ കരിയര്‍ മാറ്റിയ നാഴികക്കല്ലായി മംഗലശ്ശേരി നീലകണ്ഠന്‍.
മമ്മൂട്ടിയെ കാണാന്‍ പോയ അനുഭവം സംവിധായകന്‍ ഹരിദാസ് തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ‘ദേവാസുരം ഞാന്‍ ചെയ്യേണ്ട സിനിമയാണ്. അതില്‍ മോഹന്‍ലാല്‍ അല്ല അന്ന് നായകന്‍, മമ്മൂട്ടി ആയിരുന്നു. ഞാനും രഞ്ജിത്തും കൂടി കഥ പറയാന്‍ അന്ന് മദ്രാസില്‍ ചെന്നിരുന്നു.
ധ്രുവം എന്ന പടത്തിന്റെ ലൊക്കേഷനില്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ അദ്ദേഹത്തിന് തിരക്കായിരുന്നു. കഥ പറയാന്‍ പറ്റിയില്ല. പിറ്റേ ദിവസം കൂടി അവിടെ നില്‍ക്കാന്‍ പറ്റാത്തതുകൊണ്ട് ഞാനും രഞ്ജിത്തും കൂടി അവിടെ നിന്നും തിരിച്ചുപോന്നു. അന്ന് മമ്മൂട്ടി എന്തുകൊണ്ടാണ് കഥ കേള്‍ക്കാന്‍ തിരക്കാണെന്ന് പറഞ്ഞതെന്ന് ഇന്നും എനിക്കറിയില്ല. ഇനി എന്റെ കുഴപ്പം വല്ലതുമാണോ എന്നും അറിയില്ല. ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു,’ അന്ന് ഹരിദാസ് പറഞ്ഞത്.
എന്തായാലും മമ്മൂട്ടി നായകനാവേണ്ടിയിരുന്ന എന്നാല്‍ മറ്റ് താരങ്ങളുടെ കരിയര്‍ മാറ്റിയ ചിത്രങ്ങളുടെ വലിയ നിരയില്‍ ഒന്ന് മാത്രമാണ് ദേവാസുരം. മോഹന്‍ലാലിന്റെ തന്നെ രാജാവിന്റെ മകന്‍, ദൃശ്യം, സുരേഷ് ഗോപിയുടെ ഏകലവ്യന്‍, ലേലം, പൃഥ്വിരാജിന്റെ മെമ്മറീസ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയിലും നായകനാകേണ്ടിയിരുന്നത് മമ്മൂട്ടി ആയിരുന്നു.
Content Highlight: mammootty was the first option for devasuram instead of mohanlal