നരനില്‍ നായകന്‍ ആകേണ്ടിയിരുന്നത് മമ്മൂക്ക; അദ്ദേഹം ചെയ്യാമെന്നും പറഞ്ഞിരുന്നു: രഞ്ജന്‍ പ്രമോദ്
Movie Day
നരനില്‍ നായകന്‍ ആകേണ്ടിയിരുന്നത് മമ്മൂക്ക; അദ്ദേഹം ചെയ്യാമെന്നും പറഞ്ഞിരുന്നു: രഞ്ജന്‍ പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th May 2023, 1:45 pm

മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരന്‍. ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു.

പ്രേക്ഷകര്‍ ഇന്നും കാണാന്‍ ആഗ്രഹിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രങ്ങളില്‍ ഒന്നാണ് ചിത്രത്തിലെ മുള്ളന്‍ കൊല്ലി വേലായുധന്‍. മോഹന്‍ലാലിന്റെ അഭിനയ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു നരന്‍.

എന്നാല്‍ നരനില്‍ നായകന്‍ ആകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നെന്ന് പറയുകയാണ് തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ്. മമ്മൂക്കയുടെ അടുത്തായിരുന്നു താന്‍ ആദ്യം കഥ പറഞ്ഞതെന്നും മമ്മൂക്ക അത് ചെയ്യാമെന്നും പറഞ്ഞിരുന്നെന്നും പിന്നെ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അത് നടക്കാതെ പോയെന്നുമാണ് ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജന്‍ പ്രമോദ് പറഞ്ഞത്.

‘മമ്മൂക്കയെ വെച്ച് ഒരു സിനിമ എന്ന നിലയ്ക്കായിരുന്നു ഞാന്‍ തുടക്കത്തില്‍ പ്ലാന്‍ ചെയ്തത്. ഹരന്‍ സാര്‍ ഡയറക്ട് ചെയ്ത് കെ.ടി.സി പ്രൊഡ്യൂസ് ചെയ്യുന്ന രീതിയിലായിരുന്നു. അത് കുറച്ച് മുന്നോട്ട് പോകുകയും ചെയ്തു. അത് കഴിഞ്ഞ് ആ പ്രൊജക്ട് ഡ്രോപ്പ് ആയ ശേഷം പിന്നീട് ഈ കഥ തന്നെ എടുത്തിട്ട് വേറെ ആലോചിക്കുമ്പോള്‍ ഇത് മൊത്തത്തില്‍ വേറെ ഒരു കഥയാണ്. വേലായുധന്‍ മോഹന്‍ലാല്‍ ആയതോടെ കഥ മാറ്റി. അദ്ദേഹത്തിന്റെ ഫാന്‍സിന്റെ കൂടി ഇഷ്ടങ്ങള്‍ കൂടി പരിഗണിച്ചു. ഓഡിയന്‍സിന്റെ പള്‍സ് അറിഞ്ഞാണ് ചെയ്തത്.

കഥാപാത്രങ്ങളുടെ പൂര്‍ണത എത്രത്തോളം തിരക്കഥാകൃത്തിന്റെ ഉത്തരവാദിത്തമാണെന്ന ചോദ്യത്തിന് ഒരു കഥാപാത്രത്തെ ഉണ്ടാക്കുന്നത് എഴുത്തുകാരനും സംവിധായകനും നടനും കൂടിയാണെന്നും ആ കോമ്പിനേഷിലാണ് അത് വര്‍ക്ക് ആവുന്നതെന്നുമായിരുന്നു രഞ്ജന്‍ പ്രമോദിന്റെ മറുപടി.

എന്തൊക്കെ ചെയ്താലും ഒരു കഥാപാത്രം ആക്ടറിലൂടെയാണ് വരേണ്ടത്. ഞാന്‍ എല്ലാ കഥാപാത്രത്തേയും എഴുതുന്നത് അത് ആരാണ് അഭിനയിക്കുന്നത് എന്ന് അറിഞ്ഞ ശേഷമാണ്. അപ്പോഴാണ് അത് നന്നാവുക. അതിന്റെ ഐഡിയ ഉണ്ടാകും. അത്തരത്തില്‍ കഥാപാത്രത്തെ ഷേപ്പ് ചെയ്യുന്നത് അവരുടെ രൂപം കിട്ടിയ ശേഷമാണ്. ആ കഥാപാത്രത്തെ മനസില്‍ കാണുമ്പോള്‍ ആ ആക്ടറാണ് അത് പ്ലേ ചെയ്യുന്നത്.

നരന്‍ എന്ന സിനിമയുടെ ആദ്യത്തെ ഫോം മമ്മൂക്കയുടെ അടുത്ത് പറഞ്ഞിരുന്നു. പിന്നീട് അത് എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് മാറിപ്പോയി. പിന്നീടത് ലാലേട്ടനെ വെച്ച് ചെയ്യാമെന്ന ആലോചന വന്നപ്പോള്‍ കഥയും കഥാപാത്രവും എല്ലാം പൂര്‍ണമായി മാറി.

നരന്റെ ആദ്യ ആലോചന വരുന്നത് തന്നെ എല്ലാവരും അനുസരിക്കണമെന്ന് ആഗ്രഹിക്കുന്ന, വെള്ളമടിച്ചാല്‍ സ്വയം രാജാവാണെന്ന് തോന്നുന്ന ഒരാളില്‍ നിന്നാണ്. അങ്ങനെയാണ് ആലോചിച്ചത്. മമ്മൂക്കയെ വെച്ച് ഒരു സിനിമ എന്ന നിലയ്ക്ക് തന്നെയായിരുന്നു ആലോചന’, രഞ്ജന്‍ പ്രമോദ് പറഞ്ഞു.

നരന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് രഞ്ജന്‍ പ്രമോദായിരുന്നു. മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ഇന്നസെന്റ്, ഭാവന, മധു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

Content Highlight: Mammootty Was Supposed to be the Hero in Naran Movie Says Ranjan Pramod