ബാഷയില്‍ മമ്മൂട്ടിയും ഉണ്ടാകേണ്ടതായിരുന്നു, വേണ്ടെന്ന് പറഞ്ഞത് രജിനി: ചരണ്‍ രാജ്
Film News
ബാഷയില്‍ മമ്മൂട്ടിയും ഉണ്ടാകേണ്ടതായിരുന്നു, വേണ്ടെന്ന് പറഞ്ഞത് രജിനി: ചരണ്‍ രാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st August 2023, 9:19 am

രജിനികാന്തിന്റെ കരിയറിലെ നാഴികക്കല്ലെന്ന് പറയാന്‍ പറ്റുന്ന ചിത്രമാണ് ബാഷ. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ ചിത്രത്തെ പിന്‍പറ്റി പിന്നീട് നിരവധി ചിത്രങ്ങളാണ് പുറത്തുവന്നത്.

നഗ്മ നായികയായ ചിത്രത്തില്‍ രഘുവരന്‍, ജനകരാജ്, ദേവന്‍, ശശി കുമാര്‍, വിജയകുമാര്‍, ആനന്ദരാജ്, ചരണ്‍ രാജ്, കിറ്റി, സത്യപ്രിയ, ഷെന്‍ബാഗ, യുവറാണി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി മമ്മൂട്ടിയും അഭിനയിക്കേണ്ടതായിരുന്നുവെന്ന് പറയുകയാണ് ചരണ്‍ രാജ്. അന്‍വര്‍ ഷാ എന്ന കഥാപാത്രമായി മമ്മൂട്ടിയെ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ രജിനികാന്ത് തന്റെ പേര് പറയുകയായിരുന്നുവെന്നും സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ ചരണ്‍രാജ് പറഞ്ഞു.

‘അന്‍വര്‍ ബാഷയുടെ കഥാപാത്രത്തിലേക്ക് ചരണ്‍ രാജിനെ കാസ്റ്റ് ചെയ്യാമെന്ന് സുരേഷിനോട് രജിനി സാര്‍ പറഞ്ഞു. അത് മമ്മൂട്ടി സാര്‍ ചെയ്യേണ്ട കഥാപാത്രമായിരുന്നു. ദളപതി ഇവര്‍ രണ്ടും പേരും കൂടിയായിരുന്നല്ലോ ചെയ്തത്. ബാഷയില്‍ വന്നാല്‍ ആവര്‍ത്തനമാവും. അതുകൊണ്ട് ചരണ്‍ രാജിനെ കാസ്റ്റ് ചെയ്യാമെന്ന് രജിനി സാര്‍ പറഞ്ഞു. അപ്പോഴാണ് ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത്.

ഈ സിനിമ ചെയ്യുമ്പോള്‍ തന്നെ ഒരു നാഴികക്കല്ലാവുമെന്ന് വിചാരിച്ചിരുന്നു. എനിക്ക് മാത്രമല്ല, ടീമിന് മുഴുവന്‍ അങ്ങനെ തോന്നിയിരുന്നു. ബാഷ പോലെ ഇപ്പോള്‍ താമിഴ്‌നാട്ടില്‍ ഒരു ആയിരം പടം കാണും. എന്നാല്‍ ബാഷ ഒന്നേയുള്ളൂ. രജിനി സാര്‍ ഒന്നേയുള്ളൂ,’ ചരണ്‍ രാജ് പറഞ്ഞു.

രജിനികാന്തിന്റെ പുതിയ ചിത്രമായ ജയ്‌ലറിലേക്കും മമ്മൂട്ടിയെ വില്ലനാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിരുന്നു. മമ്മൂട്ടിയെ വിളിച്ച് സംസാരിച്ചിരുന്നുവെങ്കിലും വില്ലനായതുകൊണ്ട് ഫൈറ്റ് രംഗങ്ങളെ പറ്റി രജിനിക്ക് ആശങ്കയുണ്ടാവുകയും ഇതേ ആശങ്ക സംവിധായകന്‍ നെല്‍സണും പങ്കുവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വില്ലന്‍ സ്ഥാനത്തേക്ക് മമ്മൂട്ടി തന്നെ വേണോ എന്ന കാര്യത്തില്‍ പുനരാലോചന ഉണ്ടായി. ഒടുവില്‍ മമ്മൂട്ടിക്ക് വേണ്ടി നിശ്ചയിച്ച ശക്തനായ വില്ലനെ അവതരിപ്പിക്കാന്‍ വിനായകനെ തെരഞ്ഞെടുക്കുകയായിരുന്നു.

Content Highlight: Mammootty was supposed to be in Baasha movie