| Saturday, 29th July 2023, 7:46 pm

ജയ്‌ലറില്‍ വില്ലനാകേണ്ടിയിരുന്നത് മമ്മൂട്ടി? ഫോണ്‍ വിളിച്ച് വേഷം ഉറപ്പിച്ചതാണെന്ന് രജിനികാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് വിനായകന്‍ എത്തിയതിനെ പറ്റി പറയുകയാണ് രജിനികാന്ത്. ആദ്യം മറ്റൊരു വലിയ സ്റ്റാറിനെയാണ് വില്ലനായി കണ്ടതെന്നും അദ്ദേഹം സിനിമയിലേക്ക് എത്താമെന്ന് സമ്മതിച്ചാണെന്നും രജിനികാന്ത് പറഞ്ഞു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഓഡിയോ ലോഞ്ചിലാണ് വിനയകനിലേക്ക് വില്ലന്‍ വേഷം എത്തിയതിനെ പറ്റി രജിനികാന്ത് പറഞ്ഞത്.

‘ഒരു പേര് സജഷനിലേക്ക് വന്നു. വലിയ സ്റ്റാറാണ്. വളരെ മികച്ച, കഴിവുള്ള ആര്‍ട്ടിസ്റ്റ്, എന്റെ നല്ല സുഹൃത്ത്, അദ്ദേഹം ചെയ്താല്‍ എങ്ങനെയുണ്ടാവുമെന്ന് നെല്‍സണ്‍ ചോദിച്ചു. നന്നായിരിക്കുമെന്ന് ഞാനും പറഞ്ഞു. സാറിന്റെ നല്ല സുഹൃത്തല്ലേ, സാറൊന്ന് ചോദിച്ചാല്‍ ഞാന്‍ പിന്നെ ഫോളോ അപ്പ് ചെയ്‌തേക്കാമെന്ന് നെല്‍സണ്‍ പറഞ്ഞു.

ഞാന്‍ അദ്ദേഹത്തെ ഫോണ്‍ വിളിച്ച് ഈ റോളിന്റെ കാര്യം സംസാരിച്ചു. വില്ലന്‍ കഥാപാത്രമാണ്, പക്ഷേ വളരെ ശക്തമായ കഥാപാത്രമാണ്, നിങ്ങള്‍ ചെയ്താല്‍ നന്നായിരിക്കും, ഇനി നോ പറഞ്ഞാലും കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ സംവിധായകനോട് വന്ന് കഥ പറയാന്‍ പറയൂ എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് വലിയ സന്തോഷമായി. അദ്ദേഹം സമ്മതിച്ച കാര്യം ഞാന്‍ നെല്‍സണോട് പറഞ്ഞു. നെല്‍സണ്‍ പോയി കഥ പറഞ്ഞിട്ട് അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു.

പക്ഷേ ഒരു രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ ശരിയല്ലാത്ത പോലെ തോന്നി. കഥാപാത്രം ഇങ്ങനെയാണല്ലോ, അദ്ദേഹത്തെ അടിക്കാന്‍ പറ്റില്ല എന്നൊക്കെ ഞാന്‍ ചിന്തിച്ചു. ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നെല്‍സണ്‍ എന്നെ കാണാന്‍ വന്നു. ഞാന്‍ എന്ത് വിചാരിച്ചോ അത് തന്നെയായിരുന്നു നെല്‍സണും ചിന്തിച്ചിരുന്നത്. അങ്ങനെ സംസാരിച്ച് വിനായകനിലേക്ക് എത്തി. അദ്ദേഹത്തിന്റെ ഗെറ്റപ്പ് എന്നെ കാണിച്ചു. പിന്നെ വിനായകനിലേക്ക് പോയി,’ രജിനികാന്ത് പറഞ്ഞു.

എന്നാല്‍ രജിനികാന്ത് പറയുന്ന താരം മമ്മൂട്ടിയാണെന്നാണ് സോഷ്യല്‍ മീഡിയ സംസാരം. രജിനികാന്ത് പ്രസംഗിക്കുമ്പോള്‍ നെല്‍സണ്‍ അടുത്തിരിക്കുന്ന ആളോട് മമ്മൂട്ടി എന്ന് പറയുന്നതും വീഡിയോയില്‍ കാണാം. ദളപതിക്ക് ശേഷം രണ്ട് താരരാജാക്കന്മാരും വീണ്ടും ഒന്നിക്കുന്നത് കാണാനുള്ള അവസരം നഷ്ടമായല്ലോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സങ്കടം.

Content Highlight: mammootty was suppose to be the villain in jailer

Latest Stories

We use cookies to give you the best possible experience. Learn more