| Sunday, 29th July 2018, 8:17 pm

രാജയുടെ കളികള്‍ ഇനി മധുരയില്‍; വൈശാഖ് മമ്മൂട്ടി പീറ്റര്‍ ഹെയിന്‍ ഒന്നിക്കുന്ന മധുരരാജ വരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തീയറ്ററുകളെ ഇളക്കി മറിക്കാന്‍ “മധുര രാജ” വരുന്നു. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും കൈ കോര്‍ക്കുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് തീയറ്ററില്‍ എത്തുന്നത്. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

2010ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഇറക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് പ്രഖ്യാപിച്ചത്.

അനുശ്രീ,മഹിമ നമ്പിയാര്‍,ഷംന കാസിം എന്നിവരാണ് ചിത്രത്തിന്റെ നായിക നിരകളിലുള്ളത്. അടുത്ത മാസം 9ന് ചിത്രീകരണം ആരംഭിക്കുന്ന മധുര രാജ, 2019 വിഷു റിലീസായി തിയേറ്ററുകളിലെത്തും. 120 ദിവസം നീണ്ടു നില്‍ക്കുന്ന ചിത്രീകരണം 3 ഷെഡ്യൂളുകളായി തമിഴ് നാട്ടിലും കേരളത്തിലുമായി പൂര്‍ത്തിയാക്കും.


Read Also : നമ്പര്‍ പോസ്റ്റ് ചെയ്തതേ ഓര്‍മ്മയുള്ളൂ, ശര്‍മാജിയെ തേച്ചൊട്ടിച്ചു; ഇനി ആര്‍ക്കാടാ ആധാറിനെ കുറിച്ചറിയേണ്ടതെന്ന് ട്രോളന്മാര്‍


തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. തെലുങ്ക് താരം ജഗപതി ബാബുവാണ് വില്ലന്‍. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു.

2010 ല്‍ തിയറ്ററുകളെ ഇളക്കി മറിച്ച പോക്കിരി രാജ രണ്ടാം വരവിനൊരുമ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍. ആക്ഷന്‍, കോമഡി, ഇമോഷന്‍, ഗാനങ്ങള്‍ എന്നിവക്കെല്ലാം പ്രാധാന്യം നല്‍കി ഒരു തട്ടുപൊളിപ്പന്‍ ആഘോഷ ചിത്രമായിരിക്കും മധുര രാജ എന്നാണ് സൂചന.

ഷാജി കുമാര്‍ ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദര്‍, കലാ സംവിധാനം ജോസഫ് നെല്ലിക്കല്‍,സൗണ്ട് ഡിസൈന്‍ പി എം സതീഷ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹ, എക്‌സി . പ്രൊഡ്യൂസര്‍ വി എ താജുദീന്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റിയൂം സായ്, ഗാനരചന -മുരുഗന്‍ കാട്ടാക്കട, ഹരി നാരായണന്‍.

ഒരേ സമയം മലയാളം തമിഴ് തെലുങ്കു ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് യു.കെ സിനിമാസാണ്.

We use cookies to give you the best possible experience. Learn more