Advertisement
Entertainment news
'മമ്മൂക്ക ശ്രീനിയേട്ടനെ എപ്പോഴും ആശുപത്രിയിലെത്തി നേരിട്ട് കണ്ട് തമാശകള്‍ പറയാറുണ്ട്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 08, 03:55 pm
Monday, 8th August 2022, 9:25 pm

മലയാള ചലച്ചിത്ര താരങ്ങളുടെ സിനിമക്ക് പുറത്തുള്ള സൗഹൃദം ഏറെ ചര്‍ച്ചചെയ്യുന്നവരാണ് മലയാളികള്‍. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഇത്തരത്തില്‍ സൗഹൃദം പങ്കുവെക്കുന്ന നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

കഴിഞ്ഞ ദിവസം മഴവില്‍ മനോരമ അവാര്‍ഡിസിന്റെ വേദിയില്‍ ശ്രീനിവാസനും മോഹന്‍ലാലും ഒരുമിച്ച് നിന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായതുമാണ്. ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ അസുഖങ്ങളെ മറികടന്നാണ് അവാര്‍ഡ് വേദിയില്‍ എത്തിയത്.

ഇപ്പോഴിതാ അത്തരത്തില്‍ മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം കാണിക്കുന്ന ഒരു അനുഭവം പങ്കുവെക്കുകയാണ് നിര്‍മാതാവും തിരക്കഥകൃത്തുമായ മനോജ് രാം സിങ്. ശ്രീനിവാസന്‍ എപ്പോള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയാലും മമ്മൂട്ടി നേരിട്ട് കാണാന്‍ വരുമെന്നാണ് മനോജ് പറയുന്നത്.

മമ്മൂട്ടിക്ക് ഫോണില്‍ ഹോസ്പിറ്റല്‍ എം.ഡിയോട് വിവരങ്ങള്‍ ചോദിക്കാമെന്നും അല്ലെങ്കില്‍ ശ്രീനിവാസന്റെ ഭാര്യയായ വിമലയേയോ മക്കളായ വിനീതിനെയോ, ധ്യാനിനെയോ ഒക്കെ വിളിച്ചു ചോദിക്കാമെന്നും പക്ഷെ മമ്മൂട്ടി നേരിട്ട് വന്ന് ശ്രീനിവാസനെ കണ്ട് അദ്ദേഹത്തോട് പറ്റുമെങ്കില്‍ സംസാരിക്കാനും, തമാശ പറയാനുമൊക്കെ ശ്രമിക്കുമെന്നാണ് മനോജ് പറയുന്നത്. മമ്മൂട്ടിയുടെ ഈ പ്രവര്‍ത്തി തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും മനോജ് കൂട്ടിച്ചേര്‍ക്കുന്നു.


‘ ശ്രീനിയേട്ടന്‍ ഹോസ്പിറ്റലില്‍ എപ്പോള്‍ അഡ്മിറ്റ് ആയാലും മമ്മൂക്ക നേരിട്ട് വന്ന് കാണാറുണ്ട്, ഹോസ്പിറ്റല്‍ എം.ഡിയോടോ, ആരോഗ്യ വകുപ്പ് മന്ത്രിയോടൊ ഒക്കെ ഫോണെടുത്ത് വിളിച്ചാല്‍ ശ്രീനിയേട്ടന്റെ ആരോഗ്യത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് മമ്മൂക്കക്ക് കിട്ടാവുന്നതെയുള്ളൂ. പക്ഷെ അങ്ങനെയൊന്നും ചെയ്യാതെ നേരിട്ട് വന്ന് വിവരം തിരക്കും. ശരിക്കും ഇക്കാര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്, മമ്മൂക്ക ചോദിച്ചാല്‍ ഫോണില്‍ വിവരങ്ങള്‍ എല്ലാവരും പറഞ്ഞു കൊടുക്കും. പക്ഷെ നേരിട്ട് വന്ന് ശ്രീനിയേട്ടനെ കണ്ട് താമശകളൊക്കെ പറയാറുണ്ട്. ചില തമാശകള്‍ക്ക് ശ്രീനിയേട്ടനും റിയാക്ട്ട് ചെയ്യാറുണ്ട്,’ മനോജ് പറയുന്നു.

മമ്മൂട്ടിയെ പോലെ ഒരാള്‍ നേരിട്ട് വരണം എങ്കില്‍ എത്ര ആളുകള്‍ കൂടെ വരണമെന്നും അതെല്ലാം മാനേജ് ചെയ്ത് മമ്മൂട്ടി നേരിട്ട് വന്ന് കാണുന്നത് അത്ഭുതപ്പെടുത്തിയെന്നും മനോജ് കൂട്ടിച്ചേര്‍ക്കുന്നു. പണ്ട് മുതല്‍ ഇവര്‍ തമ്മിലുള്ള ബോണ്ടിങ് കൊണ്ടാകാം ഇങ്ങനെ നേരിട്ട് വന്ന് കാണുന്നതെന്നും മനോജ് പറയുന്നു.

‘മമ്മൂക്കയെ പോലെ ഒരാള്‍ നേരിട്ട് ഒരു സ്ഥലത്ത് വരണമെങ്കില്‍ എന്ത് മാത്രം സംവിധാനങ്ങളും ആളുകളും ഒപ്പം ഉണ്ടാകണം. ഇതെല്ലാം മാറ്റിവെച്ച് മമ്മൂക്ക ശ്രീനിയേട്ടനെ വന്ന് കാണുന്നത് അവര്‍ തമ്മിലുള്ള ബന്ധം കൊണ്ടാകാം,’ മനോജ് പറയുന്നു.

മാസ്റ്റര്‍ ബിന്‍ എന്ന പേജിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് രാംസിങ് ഇക്കാര്യം വ്യക്തമാക്കിയത്. നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ കഴിഞ്ഞ ഏപ്രിലിലാണ് ആശുപത്രി വിട്ടത്. കീടമാണ് ഒടുവില്‍ പുറത്തിറങ്ങിയ ശ്രീനിവാസന്റെ ചിത്രം. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജീഷ വിജയനായിരുന്നു നായിക.

Content Highlight: Mammootty visits Sreenivasan in hospital every time says script writter Manoj Ram singh