| Monday, 27th February 2023, 8:43 pm

ഷൂട്ടിനായി മഹാരാജാസിലെത്തി മമ്മൂട്ടി; മാഗസീനിലെ പഴയ ചിത്രങ്ങള്‍ കാണിച്ച് അധികൃതര്‍; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി മഹാരാജാസ് കോളേജ് സന്ദര്‍ശിച്ച് മമ്മൂട്ടി. കോളേജ് സന്ദര്‍ശിക്കുന്ന വീഡിയോ മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഷൂട്ടിനായി കോളേജില്‍ വരുമെന്ന് കരുതിയിരുന്നില്ലെന്നും ആദ്യമായി തന്റെ ചിത്രങ്ങള്‍ അച്ചടിച്ചുവന്ന മാഗസീന്‍ കാണുകയും ചെയ്തുവെന്നും മമ്മൂട്ടി വീഡിയോയില്‍ പറഞ്ഞു.

‘എന്നെങ്കിലുമൊരിക്കല്‍ സിനിമാ ഷൂട്ടിന് ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചു. മഹാരാജാസ് കോളേജ് ലൈബ്രറി. സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി, കഥകളേയും കഥാപാത്രങ്ങളേയുമെല്ലാം അടുത്ത് അറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം. ഒരു കൗതുകത്തിന് പഴയ കോളേജ് മാഗസീനുകള്‍ അന്വേഷിച്ചു. നിറം പിടിച്ച ഓര്‍മകളിലേക്ക് ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ അവര്‍ എടുത്തു തന്നു.

ഒരുപക്ഷേ ആദ്യമായി എന്റെ ചിത്രം അച്ചടിച്ചു വന്നത് ഇതിലായിരിക്കും, എന്റെ കോളേജ് മാഗസീനില്‍. ഒപ്പമുള്ളവര്‍ ആവേശത്തോടെ ആ കാലഘട്ടത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. കാലം മാറും, കലാലയത്തിന്റെ ആവേശം, അത് മാറില്ല, ആ പുസ്തകത്തിലെ ചിത്രത്തില്‍ നിന്നും ഇപ്പോള്‍ മൊബൈലില്‍ പതിഞ്ഞ ആ ചിത്രത്തിലേക്കുള്ള ദൂരം,’ മമ്മൂട്ടി വീഡിയോയില്‍ പറഞ്ഞു.

കാതല്‍, ഏജന്റ്, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍. അഖില്‍ അക്കിനേനി നായകമാവുന്ന ഏജന്റ്, ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങിയ കാതല്‍ എന്നിവയുടെ ഷൂട്ട് കഴിഞ്ഞതാണ്.

View this post on Instagram

A post shared by Mammootty (@mammootty)

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പൂനെ, പാല എന്നീ സ്ഥലങ്ങള്‍ കൂടാതെ കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം നടന്‍ റോണി ഡേവിഡ് രാജ് സഹ തിരക്കഥാകൃത്താണ്.

Content Highlight: Mammootty visited Maharajas College for the shoot of his new film

We use cookies to give you the best possible experience. Learn more