|

കൊടുമണ്‍ പോറ്റി വെറും സാമ്പിള്‍, യഥാര്‍ത്ഥ വില്ലനിസം കാണാനിരിക്കുന്നതേയുള്ളൂ, തീപ്പൊരി ഫസ്റ്റ് ലുക്കുമായി മമ്മൂട്ടിയും വിനായകനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ ചിത്രമായിരുന്നു മമ്മൂട്ടിക്കമ്പനിയുടെ ഏറ്റവും പുതിയ പ്രൊജക്ട്. നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം അതിന്റെ കാസ്റ്റിങ് കൊണ്ടായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. വിനായകന്‍ നായകനായെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വില്ലന്‍ എന്നത് എല്ലാവരെയും ആകാംക്ഷയിലാക്കിയിരുന്നു.

കരിയറിന്റെ പുതിയ ഫേസില്‍ വ്യത്യസ്തത പരീക്ഷിക്കുന്നതില്‍ മടി കാണിക്കാത്ത മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുകയാണ്. കളങ്കാവല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെയും വിനായകന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിഗരറ്റ് കടിച്ചുപിടിച്ചുകൊണ്ട് മുഖത്ത് ക്രൗര്യഭാവവുമായി നില്‍ക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.

എന്നാല്‍ മുഖം വ്യക്തമാക്കാത്ത തരത്തിലുള്ള പോസ്റ്ററാണ് വിനായകന്റേത്. പൊലീസ് റോളിലാണ് വിനായകന്‍ കളങ്കാവലില്‍ വേഷമിടുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദക്ഷിണേന്ത്യയെ പിടിച്ചുകുലുക്കിയ സയനൈഡ് മോഹന്റെ കഥയെ ആസ്പദമാക്കിയാണ് കളങ്കാവല്‍ ഒരുങ്ങുന്നതെന്ന് ഷൂട്ടിന്റെ സമയത്ത് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ കളങ്കാവല്‍ എന്ന പേര് കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ ആചാരവുമായി ബന്ധപ്പെട്ടുള്ളതാണെന്നും ജാതിവിവേചനത്തിനെതിരെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാകും ഇതെന്ന് പോസ്റ്റര്‍ റിലീസിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വരുന്നുണ്ട്. സൂപ്പര്‍താരത്തിന്റെ ഇമേജ് നോക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ പരീക്ഷണം എന്താകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

ക്യാമറക്ക് പിന്നില്‍ ഒരുപിടി മികച്ച ടെക്‌നീഷ്യന്മാരാണ് കളങ്കാവലില്‍ അണിനിരക്കുന്നത്. ജിതിന്‍ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഫൈസല്‍ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുജീബ് മജീദാണ് ചിത്രത്തിന്റെ സംഗീതം.

ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച ചിത്രങ്ങള്‍ മാത്രം സമ്മാനിച്ചിട്ടുള്ള മമ്മൂട്ടിക്കമ്പനി കളങ്കാവലുമായി വരുമ്പോള്‍ പ്രതീക്ഷയുടെ കൊടുമുടിയിലാണ് സിനിമാലോകം. തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും മികച്ച അഭിപ്രായം നേടാന്‍ മമ്മൂട്ടിക്കമ്പനിയുടെ ഏറ്റവും പുതിയ ചിത്രമായ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിന് സാധിച്ചു. ഫാലിമി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രവും മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്നുണ്ട്.

Content Highlight: Mammootty Vinayakan movie titled as Kalamkaaval and first look poster released