Advertisement
Entertainment news
രണ്ട് വര്‍ഷത്തിന് ശേഷം മമ്മൂട്ടി ദുബായിലേക്ക്; ഗോള്‍ഡന്‍ വിസക്കോയെന്ന് സോഷ്യല്‍മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 19, 10:20 am
Thursday, 19th August 2021, 3:50 pm

കൊവിഡിന്റെ ഭീഷണികള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെങ്കിലും സിനിമാമേഖല പതിയെ ചലിച്ച് തുടങ്ങുന്നതും നടീനടന്‍മാര്‍ തിരക്കുകളിലേക്ക് മുഴുകുന്നതുമെല്ലാം വാര്‍ത്തയായിരുന്നു. പല സിനിമാതാരങ്ങളും അവരുടെ യാത്രകള്‍ തുടങ്ങിയതായും അറിയിച്ചിരുന്നു.

ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു യാത്രയുടെ ഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നടന്‍ മമ്മൂട്ടിയുടെ ദുബായിലേക്കുള്ള യാത്രയാണ് നിലവിലെ ചര്‍ച്ച. യാത്രക്കിടെ വിമാനത്തില്‍ നിന്ന് പകര്‍ത്തിയ താരത്തിന്റെ ഫോട്ടോയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചത്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനും ഗോള്‍ഡന്‍ വിസ സ്വീകരിക്കാനുമാണ് മമ്മൂട്ടി ഗള്‍ഫിലേക്ക് പോവുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത് നേരത്തേ വലിയ വാര്‍ത്തയായിരുന്നു.

ഗോള്‍ഡന്‍ വിസ സ്വീകരിക്കാനാണോ മമ്മൂട്ടി പോകുന്നതെന്ന ചോദ്യം നിലവിലെ ഫോട്ടോക്ക് താഴെ ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഗള്‍ഫിലേക്ക് പോകുന്നത്. കൊവിഡ് വന്നതിന് ശേഷം യാത്രകള്‍ ഒഴിവാക്കി വീട്ടില്‍ തന്നെയായിരുന്നു മമ്മൂട്ടിയുണ്ടായിരുന്നത്.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വം ആണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. മമ്മൂട്ടിയും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രം പുഴുവിന്റെ ഷൂട്ടിങ്ങും കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mammootty travelling to dubai