ബി. ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ പൊലീസ് ഓഫീസറാവാന്‍ മമ്മൂട്ടി; വില്ലനായി തമിഴ് സൂപ്പര്‍ താരം
Film News
ബി. ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ പൊലീസ് ഓഫീസറാവാന്‍ മമ്മൂട്ടി; വില്ലനായി തമിഴ് സൂപ്പര്‍ താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th July 2022, 1:53 pm

ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് ഓഫീസറായി എത്തുമെന്ന് റിപ്പോര്‍ട്ട്. ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് എറണാകുളത്ത് ആരംഭിച്ചിട്ടുണ്ട്. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി തമിഴില്‍ നിന്നുള്ള സൂപ്പര്‍ താരമായിരിക്കും അഭിനയിക്കുക.

അടുത്തിടെ തമിഴ്‌നാട്ടില്‍ വന്‍വിജയമായ ശിവകാര്‍ത്തികേയന്‍ ചിത്രം ഡോക്ടര്‍, സൂര്യ ചിത്രം എതിര്‍ക്കും തുനിന്തവന്‍ എന്നീ ചിത്രങ്ങളില്‍ വില്ലനായി തിളങ്ങിയ വിനയ് റായ് ആണ് മമ്മൂട്ടിയുടെ വില്ലനായെത്തുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

No photo description available.

ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കൂടാതെ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓപ്പറേഷന്‍ ജാവയുടെ ക്യാമറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍വര്‍മ, ചമയം ജിതേഷ് പൊയ്യ, നിര്‍മാണ നിര്‍വഹണം അരോമ മോഹന്‍. കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയുടെ നിര്‍മാണം ആര്‍.ഡി. ഇല്യൂമിനേഷന്‍സ് ആണ്.

No photo description available.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍. ഭീഷ്മ പര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ബിലാലിന്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല.

Content Highlight:  Mammootty to play police officer in Unnikrishnan film, Tamil actor vinay rai as villain