പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ച എല്ലാ ആശംസകള്‍ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞ് മലയാളികളുടെ സ്വന്തം മമ്മൂക്ക.
ജന്മദിനത്തില്‍ ലഭിച്ച സ്‌നേഹാശംസകള്‍ തന്നെ അതിശയിപ്പിച്ചുവെന്നാണ് താരം പറയുന്നത്.
തന്നെ വ്യക്തിപരമായി അറിയാവുന്നവര്‍ മുതല്‍ ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ പോലും അവരുടെ സ്‌നേഹം പങ്കുവെച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്
മുഖ്യമന്ത്രി മുതലിങ്ങോട്ടുളള നിരവധി നേതാക്കള്‍, അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ തുടങ്ങി എണ്ണമറ്റ അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, സിനിമാ മേഖലയിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രസിദ്ധീകരണങ്ങള്‍, ചാനലുകള്‍ തുടങ്ങി ജന്മദിനാശംസകള്‍ അറിയിച്ച എല്ലാവരേയും മമ്മൂട്ടി കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. എല്ലാവരേയും തുടര്‍ന്നും സന്തോഷിപ്പിക്കുമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
സാധാരണ ഗതിയില്‍ പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കാന്‍ മടിക്കുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ വീട്ടിലെ ഒരംഗത്തെ പോലെ കണ്ട് എല്ലാവരും തന്റെ പിറന്നാള്‍ ദിനം വിശേഷപ്പെട്ടതായി ആഘോഷിക്കുന്നത് കണ്ടപ്പോള്‍ താന്‍ അനുഗ്രഹിക്കപ്പെട്ടവനായെന്നും മമ്മൂട്ടി പറയുന്നു.
സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നുള്ളവരും മമ്മൂട്ടിയ്ക്ക് ആശംസകളര്‍പ്പിച്ചിരുന്നു. ‘മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടിയെന്നും താരമായല്ല, അഭിനേതാവ് എന്ന നിലയില്‍ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം,’ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മലയാളികളുടെ സ്വന്തം മമ്മൂട്ടിക്ക് തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാളുമ്മകള്‍ എന്നാണ് മോഹന്‍ലാല്‍ ആശംസകളര്‍പ്പിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: MAMMOOTTY THANKS TO EVERYONE FOR THE BIRTHDAY WISHES