| Thursday, 19th January 2023, 10:54 pm

നന്‍പകലിനെ കുറിച്ചുള്ള ഓരോ റിവ്യൂസും വായിക്കുകയാണ്; ലിജോക്കൊപ്പമുള്ള ചിത്രവുമായി മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐ.എഫ്.എഫ്.കെയില്‍ ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട നന്‍പകല്‍ നേരത്ത് മയക്കം തിയേറ്റര്‍ റിലീസിലും മികച്ച പ്രതികരണം സ്വന്തമാക്കുന്നു. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് വലിയ കയ്യടികളാണ് ഉയരുന്നത്.

നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ജെയിംസും സുന്ദരവുമെന്നാണ് അഭിപ്രായങ്ങള്‍. ഇതുവരെ മമ്മൂട്ടി ചെയ്തുവെച്ച എല്ലാ വേഷങ്ങളേക്കാളും ഒരുപടി മുകളില്‍ നില്‍ക്കും നന്‍പകലിലെ പ്രകടനമെന്ന് ഒട്ടനവധി പേര്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലെല്ലാം നിറയുന്നതും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തന്നെ.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനവും എസ്. ഹരീഷിന്റെ തിരക്കഥയും തേനി ഈശ്വറിന്റെ ക്യാമറയും ചേര്‍ന്ന് അതിഗംഭീരമായ ഒരു സിനിമാനുഭവമാണ് സമ്മാനിക്കുന്നതെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നു.

സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് മമ്മൂട്ടിയിപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞത്. നന്‍പകലിനെ കുറിച്ച് വരുന്ന ഓരോ റിവ്യൂസും താന്‍ വായിച്ചുകൊണ്ടിരിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

‘നന്‍പകല്‍ നേരത്ത് മയക്കം സിനിമയെ കുറിച്ച് നിങ്ങള്‍ എഴുതുന്ന ഓരോ റിവ്യൂസും വായിക്കുകയാണ്. നിങ്ങളുടെ സ്‌നേഹത്തിന് മുമ്പില്‍ ഞാന്‍ വീണ്ടും വിനീതനാവുകയാണ്,’ മമ്മൂട്ടിയുടെ കുറിച്ചു. നന്‍പകല്‍ ഷൂട്ടിനിടയിലെ ലിജോക്കൊപ്പമുള്ള ചിത്രവും ഇതോടൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ പോസ്റ്റിന് താഴെയും അഭിനന്ദന പ്രവാഹമാണ്. ഒരിക്കലും ഉറവ വറ്റാത്ത അഭിനയപ്രതിഭയാണ് മമ്മൂട്ടിയെന്ന് ഈ സിനിമ വീണ്ടും കാണിച്ചുതന്നുവെന്നാണ് ഒരു കമന്റ്.

മമ്മൂട്ടിയും ലിജോയും ചേര്‍ന്ന് അത്ഭുതപ്പെടുത്തുന്ന മാജിക്കാണ് സ്‌ക്രീനില്‍ ഒരുക്കിയിരിക്കുന്നതെന്നും കമന്റുകളിലുണ്ട്. കാഴ്ചയുടെ അമരത്ത് ഭൂതക്കണ്ണാടിയുടെ തനിയാവര്‍ത്തനമെന്നാണ് മറ്റൊരു കമന്റ്.

Content Highlight: Mammootty thanks everyone for the reviews of Nanpkal Nerathu Mayakkam

We use cookies to give you the best possible experience. Learn more