| Tuesday, 17th January 2023, 11:29 pm

മലയാളത്തിലെ ആ ട്രെന്‍ഡ് തുടങ്ങിയത് അമല്‍ നീരദ്, അതുകൊണ്ടാണ് എനിക്ക് അവനെ ഇഷ്ടമായതും: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിഗ് ബി എന്ന അമല്‍ നീരദ് ചിത്രം തെരഞ്ഞെടുക്കാനുണ്ടായ കാരണം പറയുകയാണ് മമ്മൂട്ടി. അമല്‍ നീരദ് ഫോര്‍ ബ്രദേഴ്‌സ് എന്ന സിനിമയുടെ സി.ഡി കൊണ്ടുവന്ന് ഇതാണ് ബേസ് എന്ന് പറയുകയായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

പുതിയ സംവിധായകര്‍ പഴയ സംവിധായകര്‍ എന്നൊന്നുമില്ലെന്നും കൊണ്ടുവരുന്ന കഥയും വിഷയവുമാണ് പ്രധാനമെന്നും താരം പറഞ്ഞു. നന്‍ പകല്‍ നേരത്ത് മയക്കത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഇക്കാര്യങ്ങളെ പറ്റി മമ്മൂട്ടി സംസാരിച്ചത്.

‘അമല്‍ നീരദ് ഫോര്‍ ബ്രദേഴ്‌സിന്റെ ഒരു സി.ഡിയാണ് എന്റെ കയ്യില്‍ കൊണ്ടുവന്നുതന്നത്. ഇതായിരിക്കും നമ്മുടെ സിനിമയുടെ ബേസ് എന്ന് പറഞ്ഞു. അങ്ങനെയാണ് അത് കമ്മിറ്റ് ചെയ്യുന്നത്. അമല്‍ നീരദിനെ എനിക്കിഷ്ടപെടാന്‍ കാരണം ഫോട്ടോഗ്രാഫര്‍ ആയതു കൊണ്ടാണ്. മലയാളത്തില്‍ നമ്മള്‍ ഇപ്പോള്‍ കാണുന്ന ഫോട്ടോഗ്രാഫിയില്ലേ, അത് തുടങ്ങുന്നത് ആ സിനിമയില്‍ നിന്നാണ്. അവന്റെ ശിഷ്യന്‍മാരാണ് പിന്നെ ഈ ഫോട്ടോഗ്രാഫി തുടര്‍ന്ന് കൊണ്ട് വന്നത്.

അമലിന്റെ ഫോട്ടോഗ്രാഫിയും സിനിമയോടുള്ള സമീപനവും സിനിമയെ പറ്റിയുള്ള സങ്കല്പങ്ങളുമൊക്കെ എനിക്കിഷ്ടമാണ്. സൗത്ത് അമേരിക്കന്‍ ടൈപ്പ് സിനിമ, സ്പാനിഷ് സിനിമ അല്ലെങ്കില്‍ ഹാന്‍ഡ് ഹെല്‍ഡ് സിനിമ എന്നൊക്കെ പറയുമായിരുന്നല്ലോ, ഇപ്പോള്‍ അത് കുറച്ച് കുറവാണ്, എന്നാലും ഉണ്ട്.

ബ്രീത്തിങ് ഷോട്‌സ് ഉള്ള സിനിമകളോടൊക്കെ ഒരു ആഭിമുഖ്യമുള്ള ഒരു കാലമാണ് അത്. അപ്പോഴാണ് അമല്‍ വരുന്നത്. ഇങ്ങനെ ഒരു സിനിമ മലയാളത്തിലെടുക്കാന്‍ പോകുന്നുവെന്ന് പറയുമ്പോള്‍ അതില്‍ നമ്മളുണ്ടാകണ്ടെ എന്ന് വിചാരിച്ചു. സംവിധായകര്‍ പുതിയതാണോ പഴയതാണോ എന്നുള്ളതല്ല, അവര്‍ കൊണ്ട് വരുന്ന വിഷയവും കഥയുമാണ് പ്രധാനം,’ മമ്മൂട്ടി പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി രചനയും സംവിധാനവും നിര്‍വഹിച്ച നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 19നാണ് റിലീസ് ചെയ്യുന്നത്. അശോകന്‍, രമ്യ പാണ്ഡ്യന്‍, അശ്വന്ത് അശോക് കുമാര്‍, ഗിരീഷ് പെരിഞ്ചീരി, സഞ്ജന ദിപു, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Mammootty tells the reason behind choosing Amal Neerad’s film Big B

We use cookies to give you the best possible experience. Learn more