| Wednesday, 11th January 2023, 10:25 pm

എന്നെക്കാളും ഒന്ന് രണ്ട് വയസിന് ഇളയതാണ്, എന്നാലും ദാസേട്ടാ എന്നേ വിളിക്കു: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യേശുദാസ് തന്നേക്കാളും രണ്ട് മൂന്ന് വയസിന് ഇളയതാണെന്ന് മമ്മൂട്ടി. എന്നാലും ബഹുമാനം കൊണ്ടാണ് അദ്ദേഹത്തെ ദാസേട്ടന്‍ എന്ന് വിളിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. തന്നെക്കാള്‍ പ്രായമുള്ളവരും തന്നെ മമ്മൂക്ക എന്ന് വിളിക്കുന്നത് പോലെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. യേശുദാസിന്റെ ജന്മദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യേശുദാസിന്റെ ജന്മദിനം സിനിമാ സംഗീതത്തിന്റെയും കൂടി വാര്‍ഷികമാണെന്നും അദ്ദേഹത്തിന്റെ അപ്പുറത്തേക്ക് സംഗീതം പോലുമില്ലെന്നും മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ ഗാനമില്ലാതെ ഒരു ദിവസം ആരംഭിക്കില്ലെന്നും എവിടെ പോയാലും എവിടെയെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കാമെന്നും താരം പറഞ്ഞു.

‘ദാസേട്ടനും ഞാനും തമ്മില്‍ ഒന്ന് രണ്ട് വയസിന്റെ വ്യത്യാസമേയുള്ളു. പക്ഷെ പുള്ളി എന്നെക്കാലും ഇളയതാണന്ന് മാത്രം. ഞാന്‍ അദ്ദേഹത്തെ ബഹുമാനംകൊണ്ടാണ് ദാസേട്ടാ എന്ന് വിളിക്കുന്നത്. എന്നെ പലരും മമ്മൂക്കായെന്ന് വിളിക്കുന്നത് പോലെയാണ് ഞാന്‍ അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നത്. ദാസേട്ടന്റെ മാത്രം ജന്മദിനമല്ല നമ്മള്‍ ആഘോഷിക്കുന്നത്.

നമ്മള്‍ സിനിമാ സംഗീതത്തിന്റെയും, സംഗീതത്തിന്റെയുമൊക്കെ വാര്‍ഷികം കൂടിയാണ് ആഘോഷിക്കുന്നത്. ദാസേട്ടനപ്പുറത്തേക്ക്, അദ്ദേഹത്തെ വിട്ട് നമുക്കൊരു സംഗീതമില്ല. പാട്ട് മാത്രമല്ല നമ്മുടെ ഒരു ദിവസം പോലും ആരംഭിക്കില്ല. ദാസേട്ടനില്ലാതെ നമുക്കൊരു യാത്ര പോകാന്‍ പറ്റില്ല, നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. എവിടെ പോയാലും പുള്ളി എവിടെയെങ്കിലും മൂളുന്നത് കേള്‍ക്കാം.

ദാസേട്ടന്റെ ഒരു പാട്ട് കേള്‍ക്കാതെ മലയാളിക്ക് ഒരു നിമിഷം പോലും മുമ്പോട്ട് പോകാന്‍ കഴിയില്ല. അത്രമാത്രം നമ്മുടെ ജീവിതത്തോട് ഇഴചേര്‍ന്ന് നില്‍ക്കുന്നതാണ് ദാസേട്ടന്റെ ശബ്ദവും പാട്ടുമൊക്കെ,’ മമ്മൂട്ടി പറഞ്ഞു.

നിസാം ബഷീര്‍ സംവിധാനം ചെയ്ത് 2022 ഒക്ടോബറില്‍ പുറത്തിറങ്ങിയ റോഷാക്കാണ് മമ്മൂട്ടിയുടെ ഏറ്റവും  ഒടുവില്‍ തിയേറ്ററിലെത്തിയ സിനിമ. ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍, ഗ്രേസ് ആന്റണി, ആസിഫ് അലി എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററില്‍ വലിയ സ്വീകാര്യതയാണ് സിനിമക്ക് ലഭിച്ചത്.

content highlightt:  mammootty talks about yesudas

We use cookies to give you the best possible experience. Learn more