| Sunday, 22nd January 2023, 9:14 am

നായകന്‍ നല്ലവനാകണം എന്നില്ല, പ്രതിനായകനും നായകന്‍ തന്നെയാണ്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്ലാ മനുഷ്യന്റെയുള്ളിലും നന്മയും തിന്മയുമുണ്ടെന്നും അതുകൊണ്ട് തന്നെ ഒരാള്‍ പൂര്‍ണമായി നല്ലവനാകണമെന്ന് പറയാന്‍ സാധിക്കില്ലെന്നും മമ്മൂട്ടി. പ്രതിനായകന്‍, നായകന്‍ തന്നെയാണെന്നും അയാളുടെയുള്ളിലും ചിലപ്പോള്‍ എന്തെങ്കിലും നന്മയുണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു.

ഇന്നത്തെ പ്രേക്ഷകന്റെ ആസ്വാദന രീതി മാറിയെന്നും ചെറിയ കാര്യങ്ങള്‍ വരെ അവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. നടന്റെ മുഖത്തെ ചെറിയ മാംസ പേശികള്‍ പോലും കഥ പറയുന്ന രീതിയിലേക്ക് സിനിമ മാറിയെന്നും ഇതൊക്കെ സൂക്ഷ്മമായി തന്നെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.

‘നമ്മള്‍ മനുഷ്യരില്‍ തന്നെ നന്മയും തിന്മയുമുണ്ട്. എല്ലാവരിലും ചീത്ത കാര്യങ്ങളുമുണ്ട്. ഒരാള്‍ പൂര്‍ണമായി നല്ലവനാകണമെന്ന് പറയാന്‍ കഴിയില്ല. നന്മയും തിന്മയുമൊക്കെ ആപേക്ഷികമാണ്. നന്മയുടെ പ്രതീകമായി ഒരിക്കലും നമുക്കൊരു മനുഷ്യനെ കണ്ടെത്താന്‍ സാധിക്കില്ല. എത്ര മഹാനായ മനുഷ്യന്റെയുള്ളിലും നമ്മള്‍ അറിയാത്തൊരു തിന്മയുണ്ടാകും. അതൊന്നും നമ്മള്‍ക്ക് പറയാന്‍ പറ്റുന്ന കാര്യങ്ങളല്ല.

അതുപോലെ തന്നെ വളരെ മോശക്കാരനായ ഒരാളുടെയുള്ളില്‍ നമ്മള്‍ അറിയാത്ത ഒരുപാട് നന്മകള്‍ ചിലപ്പോള്‍ കാണും. അതായത് മനുഷ്യനില്‍ തന്നെ ഇതെല്ലാമുണ്ട്. അതില്‍ നിന്ന് ഒരാളെ പ്രതിനായകനായി മാറ്റേണ്ട ആവശ്യമില്ല. പ്രതിനായകന്‍ എന്നാണ് പറയുന്നത്. അതായത് അയാളും നായകന്‍ തന്നെയാണ്. അങ്ങനെ എല്ലാത്തര സ്വഭാവ സവിശേഷതകളുമുള്ള ആളുകളാണ് കഥാപാത്രങ്ങള്‍. കഥാപാത്രങ്ങളെ വിശകലനം ചെയ്ത് നോക്കുമ്പോള്‍ ഒരുപാട് കാര്യങ്ങളില്‍ വ്യത്യാസമുണ്ടായിരിക്കും.

ഇന്ന് പ്രേക്ഷകന്റെ ആസ്വാദന രീതി മാറി. മാത്രമല്ല ആസ്വാദനക്ഷമത വര്‍ദ്ധിക്കുകയും ചെയ്തു. അതിനനുസരിച്ച് നമ്മള്‍ സിനിമകള്‍ ചെയ്യണം. സിനിമ തന്നെ ഒരുപാട് മാറി. ഫിലിമിലല്ലോ നമ്മള്‍ ഇന്ന് സിനിമ ചെയ്യുന്നത്. ഡിജിറ്റലൈസ്ഡായി സിനിമ ചെയ്യുമ്പോള്‍ കുറച്ച് കൂടി ഡിറ്റൈല്‍ഡാകണം. മുഖത്തെ ചെറിയ മാംസ പേശികള്‍ പോലുമിന്ന് കഥപറയുന്നു എന്നതാണ് പ്രത്യേകത. നമ്മള്‍ അഭിനയിക്കുന്നു എന്ന് കരുതി അഭിനയിക്കാതെ ജീവിതത്തില്‍ നടക്കുന്നത് പോലെ ചെയ്യണം. പ്രേക്ഷകര്‍ ഇതെല്ലാം സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുന്നുണ്ട്.

സിനിമയും പ്രേക്ഷകനും തമ്മിലുള്ള സംവേദനം വളരെ എളുപ്പമാണ്. അതുകൊണ്ടാണ് അവര്‍ കഥാപാത്രങ്ങളെയും സിനിമയേയും കൂടുതല്‍ അറിയുകയും പഠിക്കുകയും മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്,’ മമ്മൂട്ടി പറഞ്ഞു.

CONTENT HIGHLIGHT: MAMMOOTTY TALKS ABOUT VILLAIN CHARECTORS IN CINEMA

We use cookies to give you the best possible experience. Learn more