| Thursday, 16th May 2024, 8:00 am

ആ കാര്യം റിയലാണ്; നിങ്ങള്‍ വിചാരിക്കുന്നത് പോലെ ടര്‍ബോ ജോസ് യഥാര്‍ത്ഥത്തില്‍ ഒരു മാസ് ഹീറോയല്ല: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ടര്‍ബോ സംവിധാനം ചെയ്യുന്നത് വൈശാഖാണ്.

മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മെയ് 23നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. ഇപ്പോള്‍ മമ്മൂട്ടി കമ്പനിക്ക് നല്‍കിയ അഭിമുഖത്തില്‍ ടര്‍ബോ ജോസ് ഒരു മാസ് ഹീറോയല്ലെന്ന് പറയുകയാണ് മമ്മൂട്ടി.

അയാള്‍ ഒരു നിഷ്‌കളങ്കനാണെന്നും എല്ലാം വിശ്വാസിച്ച് എല്ലാത്തിനും ചാടിയിറങ്ങുന്ന ആളാണെന്നും താരം പറയുന്നു. ഈ സിനിമയുടെ കഥയിലേക്ക് എത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറയുകയായിരുന്നു മമ്മൂട്ടി.

‘ഭ്രമയുഗത്തിന്റെ സമയത്ത് അടുത്ത പടം ഏത് ടൈപ്പ് വേണമെന്ന് ഞാന്‍ ഇന്റര്‍വ്യൂവില്‍ ഒരാളോട് ചോദിച്ചു. അടിയോടടി എന്നാണ് അയാള്‍ പറഞ്ഞത്. പക്ഷെ ഈ സിനിമ ഇടിയോട് ഇടിയാണ്. ഈ കഥയില്‍ രണ്ട് ആളുകളുടെ എക്‌സ്പീരിയന്‍സുണ്ട്.

ഒന്ന് റിയലാണ്. അത് നടന്നതാണ്. ഇനി നടന്നേക്കാവുന്നതാണ്, പിന്നെ നടന്നുകൊണ്ടിരിക്കുന്നതാണ്. പലരും അറിയുന്നില്ലെന്നേ ഉള്ളൂ. ഈ കഥ ശരിക്കും ജോസിന് പറ്റുന്ന കൈയബദ്ധമാണ്. ജോസ് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഒരു മാസ് ഹീറോയല്ല. അയാള്‍ ഒരു നിഷ്‌കളങ്കനാണ്.

ഇന്നസെന്റ് പോലുമല്ല, വെറും നിഷ്‌കളങ്കനാണ്. എല്ലാം വിശ്വസിച്ച് എല്ലാത്തിനും ചാടിയിറങ്ങുന്ന ആളാണ്. ഒരു പാവത്താനാണ്. സിനിമയില്‍ ആ ജോസിന് പറ്റുന്ന ഒരു ചെറിയ അബദ്ധമുണ്ട്. അത് ശരിക്കും നമ്മുടെ സിനിമയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഇയാളുടെ (മിഥുന്‍ മാനുവല്‍ തോമസ്) സുഹൃത്തിന് പറ്റിയ അബദ്ധമാണ്.

റിയല്‍ ലൈഫില്‍ സംഭവിച്ച ഒന്നുരണ്ട് കാര്യങ്ങള്‍ കണക്റ്റ് ചെയ്തതാണ് ഇത്. സ്റ്റണ്ടും ഫൈറ്റുമൊന്നും ജീവിതത്തില്‍ ഇത്രയും നടന്നിട്ടില്ല. പിന്നെ കുറച്ചൊക്കെ നമ്മള്‍ സിനിമക്ക് വേണ്ടി മരുന്ന് ചേര്‍ക്കുമല്ലോ,’ മമ്മൂട്ടി പറഞ്ഞു.


Content Highlight: Mammootty Talks About Turbo Jose

We use cookies to give you the best possible experience. Learn more