| Sunday, 20th August 2023, 8:44 am

അന്ന് എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ചെയ്യാമെന്ന് പറഞ്ഞു, അങ്ങനെയാണ് ആദ്യത്തെ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഉണ്ടാവുന്നത്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിലെ ആദ്യത്തെ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയെ പറ്റി സംസാരിക്കുകയാണ് മമ്മൂട്ടി. പത്തിരുപത് വര്‍ഷം മുമ്പാണ് സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യം പറഞ്ഞ് രണ്ട് പേര്‍ തന്നെ കാണാന്‍ വന്നിരുന്നുതെന്നും തന്നെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്യാമെന്ന് പറഞ്ഞിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

അന്നാണ് കേരളത്തില്‍ ആദ്യമായി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഉണ്ടാവുന്നതെന്നും ആ സൊസൈറ്റിയുടെ പ്രഥമ പേട്രണ്‍ താനാണെന്നും മമ്മൂട്ടി പറഞ്ഞു. എറണാകുളം ജില്ലാ കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ വാര്‍ഷിക ജനറല്‍ ബോഡി ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വേദന അറിയാതെയുള്ള ഒരു ശിഷ്ടകാല ജീവിതമാണ് പാലീയേറ്റീവ് കെയര്‍ എന്നതുകൊണ്ട് സാധാരണ ഉദ്ദേശിക്കുന്നത്. പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് പേര്‍ ഒരു സ്‌പോണ്‍സര്‍ഷിപ്പിനെ പറ്റി പറഞ്ഞപ്പോള്‍ വേറെ എന്തെല്ലാം ആവശ്യമായി വരുമെന്ന് ചോദിച്ചു. ഒന്നും പറയാന്‍ പറ്റില്ല, താങ്കള്‍ എന്ത് പറയുമെന്ന് നോക്കി ചെയ്യണം എന്ന് പറഞ്ഞു.

എന്നെക്കൊണ്ട് നിങ്ങള്‍ക്ക് എന്താണോ ചെയ്യാന്‍ പറ്റുന്നത്, എന്തെല്ലാം എന്നെക്കൊണ്ട് നിങ്ങള്‍ക്ക് ചെയ്യിക്കാന്‍ പറ്റുമോ അതെല്ലാം ചെയ്യാന്‍ എന്നെ ഉപയോഗപ്പെടുത്താം, അതിന് ഞാന്‍ തയ്യാറാണ് എന്ന് പറഞ്ഞു. അന്നാണ് കേരളത്തില്‍ ആദ്യമായി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഉണ്ടാവുന്നത്. ആ സൊസൈറ്റിയുടെ പ്രഥമ പേട്രണ്‍ ഞാനാണ്,’ മമ്മൂട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ അംഗപരിമിതര്‍ക്ക് റോബോട്ടിക്/ ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിക്കുന്ന പുതിയ ഉദ്യമത്തിന് തുടക്കമിട്ടിരുന്നു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും യു.എസ്.ടി. ഗ്ലോബല്‍, കൈറ്റ്‌സ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അംഗപരിമിതരായ ആളുകള്‍ക്കുള്ള റോബോട്ടിക് /ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്തത്.

മലപ്പുറം പൊന്നാനിയില്‍ നിന്നുള്ള അബൂബക്കറിന് വീല്‍ചെയര്‍ നല്‍കിയാണ് മമ്മൂട്ടി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ് പ്രോജക്ട് ഓഫീസര്‍ അജ്മല്‍ ചക്കരപ്പാടം, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Content Highlight: Mammootty talks about palliative care society in kerala

We use cookies to give you the best possible experience. Learn more