മലയാള സിനിമക്ക് വേറിട്ടൊരു രൂപം നല്‍കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്താരാഷ്ട്ര തലത്തില്‍ വരെ ലിജോയുടെ സിനിമകള്‍ ചര്‍ച്ചയായിട്ടുണ്ട്. കണ്ടു മടുത്ത ശൈലിയില്‍ നിന്നും മാറിയുള്ള ചിത്രങ്ങളാണ് അദ്ദേഹം ചെയ്യാറുള്ളത്.
2022ല്‍ മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടികൊടുത്ത ചിത്രമായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഫിലിം ഫെസ്റ്റിവലുകളിലും തിയേറ്ററിലുമെല്ലാം മികച്ച പ്രതികരണം നേടിയിരുന്നു.
വ്യത്യസ്തമായ പ്രമേയത്തോടൊപ്പം ഗംഭീര മേക്കിങ്ങായിരുന്നു സിനിമയെ വേറിട്ട് നിര്‍ത്തിയത്. മലയാളിയായ ജെയിംസിനെയും തമിഴനായ സുന്ദരത്തേയും അവതരിപ്പിച്ച മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച മികച്ച അഭിപ്രായം നേടിയിരുന്നു.
ഇപ്പോള്‍ നന്‍പകല്‍ നേരത്ത് മയക്കം സിനിമയെ കുറിച്ച് പറയുകയാണ് മമ്മൂട്ടി. മലയാള സിനിമക്ക് ഒരു മുതല്‍ക്കൂട്ടായിട്ടുള്ള പടമാണ് നന്‍പകല്‍ എന്നാണ് അദ്ദേഹം പറയുന്നത്. ഇങ്ങനെ ഒരു സിനിമ മലയാളത്തില്‍ മാത്രമേ വരികയുള്ളൂവെന്നും നടന്‍ പറഞ്ഞു.
തന്റെ ഏറ്റവും പുതിയ ചിത്രമായ ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
‘ആ സിനിമയെ സിനിമയായി തന്നെ കാണണം. മലയാള സിനിമക്ക് ഒരു മുതല്‍ക്കൂട്ടായിട്ടുള്ള പടമാണ് നന്‍പകല്‍. ഇങ്ങനെ ഒരു സിനിമ മലയാളത്തില്‍ മാത്രമേ വരികയുള്ളൂ. ഇവിടെ ക്രിസ്റ്റഫര്‍ നോളനൊന്നും ഇല്ലല്ലോ. നമ്മുടെ ആളുകള്‍ ചെറിയ ചെറിയ പാവങ്ങളല്ലേ,’ മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ എത്തിയ ആദ്യ മലയാള സിനിമയാണ് ഇത്. ടര്‍ബോയുടെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി മമ്മൂട്ടിക്കമ്പനി നിര്‍മിച്ച ചിത്രമാണിത്.
Content Highlight: Mammootty Talks About Nanpakal Nerathu Mayakkam