|

'കണ്ണുകള്‍ ഉപയോഗിക്കാന്‍ അറിയുന്ന നടനാണ്, ഇടയ്ക്ക് ഗോപിയേട്ടനാണെന്ന് കരുതി ബഹുമാനിച്ച് പോകും'; മുരളി ഗോപിയെപ്പറ്റി മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ മുരളി ഗോപിയെപ്പറ്റി മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. താപ്പാന എന്ന സിനിമയുമായി ബന്ധപ്പെട്ട് മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുരളിയെപ്പറ്റി മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

കണ്ണുകള്‍ ഉയോഗിക്കാന്‍ അറിയുന്ന നടനാണ് മുരളി ഗോപി എന്നാണ് മമ്മൂക്ക പറഞ്ഞത്.

‘മുരളി ഗോപിയെ കാണുമ്പോള്‍ പലപ്പോഴും ഗോപിയേട്ടനെ ഓര്‍മ്മ വരും. മുരളിയ്ക്ക് പക്ഷെ ബഹുമാനിക്കാന്‍ തക്ക പ്രായമില്ലെങ്കിലും ഈ രൂപവും ചില നോട്ടവും കാണുമ്പോള്‍ ഗോപിയേട്ടന്‍ ആണെന്ന് കരുതി നമ്മള്‍ ഒന്ന് ബഹുമാനിച്ച് പോകും.

നോട്ടവും ചില സമയത്തെ ശബ്ദമൊക്കെ ഗോപിയേട്ടനെ പോലെ തോന്നും. ഇച്ചിരി തടി കൂടുതലാണ് മുരളിയ്ക്ക്. ഗോപിയേട്ടന് ഇത്രയും തടിയില്ലല്ലോ.

അച്ഛനെ പകര്‍ന്ന മകന്‍ തന്നെയാണത്. അദ്ദേഹം അത് തെളിയിക്കുന്നുമുണ്ട്. നല്ല കണ്ണുകളാണ് മുരളിയ്ക്ക്. കണ്ണിനകത്തൊക്കെ ഒരുപാട് കാര്യങ്ങളുണ്ട്. കണ്ണ് എന്നത്, അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്. കണ്ണിലാണ് എല്ലാ ഭാവങ്ങളും വരേണ്ടത്. പലരും അതുപയോഗിക്കാറില്ല. അതുപയോഗിക്കാന്‍ അറിയുകയും വേണം. അതറിയുന്ന ഒരാളാണ് മുരളി ഗോപി.

പിന്നെ അത്യാവശ്യം കഥയും വായനയും സിനിമ കാണലും ഒക്കെയുള്ളയാളാണ്. അതുകൊണ്ട് തന്നെ സംസാരിച്ചിരിക്കാനൊക്കെ നല്ല രസമുള്ള വ്യക്തിയാണ് മുരളി,’ മമ്മൂട്ടി പറയുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി മലയാള സിനിമയിലേക്കെത്തിയത്. അഭിനയത്തിന് അപ്പുറം തിരക്കഥാകൃത്തായും ഗായകനായും മുരളി ആരാധകരെ നേടിയിരുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി സൂപ്പര്‍ താരങ്ങളോടൊപ്പം അസാമാന്യ അഭിനയം കാഴ്ചവെയ്ക്കാനും മുരളിയ്ക്ക് സാധിച്ചിട്ടുണ്ട്. ലൂസിഫര്‍, കമ്മാരസംഭവം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, എന്നീ ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Mammootty Talks About Murali Gopi

Latest Stories