| Friday, 3rd February 2023, 11:47 am

മലയാള സിനിമക്ക് ഓസ്‌കാറിലെത്താന്‍ ഇനിയും കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലായാള സിനിമക്ക് ഓസ്‌കാര്‍ സ്വപ്‌നം സ്വന്തമാക്കാന്‍ ഇനിയിയും കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നുവെന്ന് മമ്മൂട്ടി. ഇംഗ്ലീഷ് സിനിമകള്‍ക്കാണ് സാധാരണ ഓസ്‌കാര്‍ ലഭിക്കുന്നതെന്നും ബാക്കിയുള്ള സിനിമകള്‍ വിദേശ ഭാഷാ വിഭാഗത്തിലാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വിദേശ ഭാഷാ ചിത്രത്തിന് വേണ്ടി പരിഗണിക്കപ്പെടുമ്പോള്‍ ഇംഗ്ലീഷ് ഒഴികെ ലോകത്തുള്ള എല്ലാ ഭാഷയുമായി മത്സരിക്കേണ്ടി വരുമെന്നും മമ്മൂട്ടി പറഞ്ഞു. അത്തരത്തില്‍ ഓസ്‌കാറിനായി പരിഗണിക്കുമ്പോള്‍ ധാരാളം കടമ്പകള്‍ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന സിനിമയുടെ ഭാഗമായി ദുബായില്‍ നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

‘ഓസ്‌കാറിന് മത്സരിക്കുന്ന സിനിമകളെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കണം. ഇംഗ്ലിഷ് സംസാരിക്കുന്ന സിനിമകള്‍ക്കാണ് സാധാരണ ഓസ്‌കാര്‍ ലഭിക്കുക. അമേരിക്കയിലെ ന്യൂയോര്‍ക്കിലും ലോസ് ആഞ്ചല്‍സിലും റിലീസ് ചെയ്ത് കുറഞ്ഞത് രണ്ടാഴ്ച എങ്കിലും ഓടുന്ന സിനിമകളാണ് ഓസ്‌കാറിന് പരിഗണിക്കുക. മോഷന്‍ പിക്‌ചേഴ്‌സ് ഓഫ് അക്കാദമിയിലെ ആറായിരം അംഗങ്ങളെങ്കിലും ആ സിനിമ കണ്ടിരിക്കണം.

അവര്‍ നോമിനേറ്റ് ചെയ്യുന്ന സിനിമകളാണ് അവാര്‍ഡിന് മത്സരിക്കുക. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള മത്സരത്തില്‍ ഇംഗ്ലീഷ് ഒഴികയുള്ള ലോകത്തെ എല്ലാ ഭാഷകളുമായി നമുക്ക് മത്സരിക്കേണ്ടി വരും. പക്ഷേ വിദേശ സിനിമകളും ജനറല്‍ വിഭാഗത്തില്‍ പരിഗണിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പഴയ ഓര്‍മയില്‍ നോക്കുകയാണെങ്കില്‍ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന ഇറ്റാലിയന്‍ ചിത്രത്തിന് മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള ഓസ്‌കാര്‍ ലഭിച്ചിട്ടുണ്ട്.

മികച്ച വിദേശഭാഷാ ചിത്രത്തില്‍ മാത്രമേ മലയാള സിനിമക്ക് മത്സരിക്കാന്‍ കഴിയൂ. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമായി തെരഞ്ഞെടുത്ത ഒരു സിനിമയാണ് ഓസ്‌കാറിന് വിടുന്നത്. അത് അവിടെ കണ്ടു എന്നൊരു സര്‍ട്ടിഫിക്കറ്റ് നമുക്ക് കിട്ടും. അക്കാദമിയിലെ ആറായിരം അംഗങ്ങളിലെ കുറച്ചുപേര്‍ എങ്കിലും കാണണം. അങ്ങനെ കുറേ കടമ്പകള്‍ കഴിഞ്ഞാെല ഓസ്‌കറില്‍ എത്താന്‍ കഴിയൂ,’ മമ്മൂട്ടി പറഞ്ഞു.

content highlight: mammootty talks about malayalam cinema

We use cookies to give you the best possible experience. Learn more