| Monday, 17th April 2023, 11:27 pm

'എന്നെ പ്രാകൃത രൂപത്തിലാക്കിയത് ആ സിനിമയിലായിരുന്നു'; സെറ്റിലെ ആര്‍ക്കും എന്നെ മനസിലായില്ല: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോഹിതദാസിന്റെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത സിനിമയാണ് മൃഗയ. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് അന്നും ഇന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമക്ക് പുറമെ ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ മേക്കോവറും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. വാറുണ്ണി എന്ന തന്റെ കഥാപാത്രത്തെ കുറിച്ച് മഴവില്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ ഫാന്‍ പേജുകളിലൂടെ വീണ്ടും ചര്‍ച്ചയാകുകയാണ്.

ഷൂട്ടിങ്ങിന്റെ ആദ്യ ദിവസങ്ങളില്‍ താന്‍ സാധാരണ വേഷത്തില്‍ തന്നെ ആയിരുന്നു അഭിനയിച്ചതെന്നും എന്നാല്‍ അങ്ങനെ അഭിനയിച്ചിട്ട് തനിക്ക് തൃപ്തി വന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഷൂട്ടിങ് വരെ നിര്‍ത്തിവെക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘മൃഗയ സിനിമയിലെ വാറുണ്ണിയാണ് ആ കാലഘട്ടത്തിലെ മേക്കപ്പിലെ വിപ്ലവം. ഞാന്‍ ഒരുപാട് മേക്കപ്പ് ഒക്കെയിട്ടാണ് സിനിമയില്‍ അഭിനയിച്ചത്. ആ സിനിമയില്‍ മുഖത്ത് കരിയൊക്കെ പുരട്ടി പല്ലൊക്ക ഉന്തിയാണ് ഞാനിരിക്കുന്നത്. ആ കഥാപാത്രത്തിന്റെ മീശ വരെ അങ്ങനെയാണ്. അത്തരത്തില്‍ എന്നെ പ്രാകൃത രൂപത്തിലാക്കിയത് ആ സിനിമയിലാണ്.

സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ ആദ്യത്തെ ഒന്ന് രണ്ട് ദിവസം സാധാരണ രൂപത്തില്‍ തന്നെയായിരുന്നു ഞാന്‍ അഭിനയിച്ചത്. ലോഹിതദാസും ഐ.വി ശശി സാറുമാണ് ആ സിനിമ ചെയ്തത്. എന്നാല്‍ എനിക്ക് അങ്ങനെ അഭിനയിച്ചിട്ട് തൃപ്തി വന്നില്ല. ഞാന്‍ അവരോട് കാര്യം പറഞ്ഞു. എന്നാല്‍ അവര്‍ക്കൊന്നും കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കാനില്ലായിരുന്നു.

അവസാനം ഷൂട്ടിങ്ങൊക്കെ നിര്‍ത്തിവെച്ചു. ഷൂട്ട് കാണാന്‍ ഒരുപാട് ആളുകള്‍ അവിടെയുണ്ടായിരുന്നു. ചെറിയൊരു ഗ്രാമ പ്രദേശത്തായിരുന്നു ഷൂട്ട് നടന്നത്. ഷൂട്ട് കാണാന്‍ വന്ന ആളുകള്‍ക്കിടയില്‍ ഒരു മനുഷ്യനെ കണ്ടു. മിലിട്ടറി ഗ്രീന്‍ ഷര്‍ട്ടുമിട്ട് മുറുക്കി ചുമന്ന പല്ലുമൊക്കെയായിട്ട് ഒരു പ്രാകൃത മനുഷ്യനായിരുന്നു അത്.

അപ്പോള്‍ തന്നെ മേക്കപ്പ് മാന്‍ ദേവസ്യേട്ടനോട് ഞാന്‍ പറഞ്ഞു, എന്നെ ആ മനുഷ്യനെ പോലെയാക്കി തരണമെന്ന്. ദേവസ്യേട്ടന്‍ അപ്പോള്‍ എന്നെ കെട്ടിപ്പിടിച്ചു. എന്നെ വിളിച്ചുകൊണ്ട് പോയി പഴയ ഏതോ സിനിമയില്‍ ആരോ ഉപയോഗിച്ച ഒരു വിഗ്ഗും മീശയും തന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്നെ കറുപ്പിക്കണമെന്ന്. അത് ചെയ്യാന്‍ പുള്ളിക്ക് മടിയായിരുന്നു. എങ്കിലും ചെയ്തു.

എന്നിട്ട് മുഖത്ത് ഒരു ഉണ്ണിയും വെച്ചു, പല്ല് ഇല്ലാത്തതുപോലെ കാണിക്കാന്‍ കറുപ്പിക്കുകയും ചെയ്തു. ഒരു മിലിട്ടറി ഗ്രീന്‍ ഷര്‍ട്ട് കോസ്റ്റിയൂമറെ കൊണ്ട് ചെയ്യിപ്പിച്ചു. ആ ഷര്‍ട്ട് കല്ലിലും പൂഴിയിലുമൊക്കെയിട്ട് ഉരച്ച് കളര്‍ കളഞ്ഞാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. അതൊക്കെയിട്ട് ഞാന്‍ സെറ്റില്‍ ചെന്നപ്പോള്‍ എന്നെയാര്‍ക്കും മനസിലായില്ല,’ മമ്മൂട്ടി പറഞ്ഞു.

content highlight: mammootty talks about makeover of mrugaya movie

We use cookies to give you the best possible experience. Learn more