| Sunday, 17th September 2023, 4:59 pm

ഇനി ഡൈ ചെയ്യുന്നത് നിര്‍ത്താമെന്ന് ഞാന്‍ മധു സാറിനോട് പറഞ്ഞു, അന്ന് മുതല്‍ അദ്ദേഹം അത് നിര്‍ത്തി: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവതിയിലേക്ക് കടന്നിരിക്കുകയാണ് മലയാളത്തിന്റെ മഹാനടന്‍ മധു. ജീവിതത്തെ വളരെ ലാഘവത്തോടെ കാണുന്ന ആളാണ് അദ്ദേഹമെന്നും ഒരിക്കലും ആവശ്യമില്ലാത്ത ഒരു വാക്ക് സംസാരത്തില്‍ ഉണ്ടാവില്ല എന്നും മമ്മൂട്ടി പറഞ്ഞു. ഇനി ഡൈ ചെയ്യുന്നത് നിര്‍ത്താം എന്ന് താന്‍ പറഞ്ഞതിന് ശേഷം അദ്ദേഹം ഡൈ ചെയ്യുന്നത് നിര്‍ത്തിയെന്നും മലയാള മനോരമ ഞായറാഴ്ച സപ്ലിമെന്റില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

‘ജീവിതത്തെ വളരെ ലാഘവത്തോടെ കാണുന്ന ആളാണ് അദ്ദേഹം. ഒരിക്കലും ആവശ്യമില്ലാത്ത ഒരു വാക്ക് സംസാരത്തില്‍ ഉണ്ടാവില്ല. അന്തസോടെയാണ് ഇടപെടല്‍. അനാവശ്യമായ കനത്തെ അദ്ദേഹം പറത്തിവിട്ടു. അടുത്തിടെ കണ്ടപ്പോള്‍ ‘സാറിന്റെ തലയില്‍ നിറയെ മുടിയുണ്ടല്ലോ. ഇനി ഡൈ ചെയ്യുന്നതൊക്കെ നിര്‍ത്താം,’ എന്ന് ഞാന്‍ പറഞ്ഞു.

ഞാന്‍ പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല, അദ്ദേഹം ഡൈ ചെയ്യുന്നത് അവസാനിപ്പിച്ചു. പക്ഷേ എന്റെ സുന്ദരന്‍ സ്റ്റാര്‍ ഈ നവതിയിലും തലയെടുപ്പുള്ള സുന്ദരന്‍ തന്നെ. അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു,’ മമ്മൂട്ടി പറഞ്ഞു.

മധുവിനെ ആദ്യമായി കണ്ടതിനെ പറ്റിയും മമ്മൂട്ടി കുറിപ്പില്‍ പറഞ്ഞിരുന്നു. ‘എന്റെ നാടായ വൈക്കം ചെമ്പിനടുത്ത് മുറിഞ്ഞ പുഴയില്‍ കാട്ടുപൂക്കളുടെ ഷൂട്ടിങ് നടക്കുന്ന സമയമാണത്. ഞാനന്ന് ആറിലോ ഏഴിലോ പഠിക്കുന്നു.

ഷൂട്ടിങ് കാണാനുള്ള കൊതിയില്‍ കൂട്ടുകാരനുമൊത്ത് ചെറിയൊരു വള്ളം തുഴഞ്ഞ് അവിടേക്ക് പോകുകയായിരുന്നു. വള്ളവുമായി കാത്തുനില്‍ക്കുമ്പോള്‍ ഒരു സ്വപ്നം പോലെ മധു സാര്‍ അതാ ഞങ്ങളുടെ വള്ളത്തില്‍ വന്നുകയറി. അതില്‍പരം ഒരു ത്രില്‍ ഉണ്ടോ? അതോടെ പിന്നെ അദ്ദേഹം എന്റെ സ്വന്തം താരമായി.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ ആദ്യമായി കത്തെഴുതുന്ന നടനും മധു സാറാണ്. എവിടെ നിന്നോ കിട്ടി ‘ഗൗരി ശപട്ടം’ എന്നൊക്കെയുള്ള ഒരു വിലാസത്തില്‍ ‘ഞാന്‍ അങ്ങയുടെ ആരാധകനാണ്’ എന്നൊക്കെ പറഞ്ഞായിരുന്നു കത്ത്. പണ്ടേ ഞാന്‍ സ്വപ്നം കാണുന്ന ആളായിരുന്നു മധു സാര്‍. നമ്മള്‍ക്ക് ഏറെ അടുപ്പമുള്ളവരെയാണല്ലോ സ്വപ്നം കാണുക. വളരെ വേണ്ടപ്പെട്ടയാള്‍ എന്ന് എപ്പോഴും മനസ് പറയുന്ന ഒരാളാണ് അദ്ദേഹം,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty talks about madhu

We use cookies to give you the best possible experience. Learn more