ഭാഗ്യമോ നിര്‍ഭാഗ്യമോ ആ എം.ടി ചിത്രം എനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല; പക്ഷെ...: മമ്മൂട്ടി
Entertainment
ഭാഗ്യമോ നിര്‍ഭാഗ്യമോ ആ എം.ടി ചിത്രം എനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല; പക്ഷെ...: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th October 2024, 12:44 pm

എം.ടി വാസുദേവന്‍ നായര്‍ എഴുതിയ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി മലയാള സിനിമാ ലോകത്ത് സജീവമാകുന്നത്.എം.ടി രചന നിര്‍വഹിച്ച ദേവലോകം എന്ന സിനിമയായിരുന്നു മമ്മൂട്ടി ആദ്യമായി അഭിനയിച്ച ചിത്രം. എന്നാല്‍ ആ സിനിമ പൂര്‍ത്തിയായില്ല.

എം.ടി വാസുദേവന്‍ നായരുമായുള്ള ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കത്തെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. കല്യാണം കഴിഞ്ഞ് ആറാം ദിവസമാണ് താന്‍ ദേവലോകം എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയതെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചിത്രം പൂര്‍ത്തിയാകാന്‍ കഴിഞ്ഞില്ലെന്നും മമ്മൂട്ടി പറയുന്നു.

അന്ന് നിരാശനായിപോയ തന്നെ ഒരു വര്‍ഷത്തിന് ശേഷം വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചത് എം.ടി. വാസുദേവന്‍ നായരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.ടി കാലം നവതി വന്ദനം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

‘ഞാന്‍ മഞ്ചേരിയില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ മമ്മൂട്ടി എന്നല്ല അവിടെ അറിയപ്പെട്ടിരുന്നത്. അഡ്വക്കേറ്റ് പി.ഐ മുഹമ്മദ് കുട്ടി എന്നാണ്. എന്റെ ഓഫീസില്‍ പോസ്റ്റ് മാന്‍ വന്ന് ചോദിച്ചു സാര്‍ ഈ മമ്മൂട്ടി എന്ന് പറയുന്ന വക്കീല്‍ ഇവിടെ ഉണ്ടോ എന്ന്. വളരെ സന്തോഷത്തോടെ ഞാന്‍ പറഞ്ഞു ഞാനാണത്. എനിക്കൊരു കത്തുണ്ടെന്ന് പറഞ്ഞു. ജനശക്തി ഫിലിമ്സിന്റെ കത്താണത്.

തുറന്ന് നോക്കിയപ്പോള്‍ ദേവലോകം എന്ന സിനിമയില്‍ എനിക്കൊരു വേഷമുണ്ടെന്ന് ആ കത്തില്‍ പറയുന്നതായിരുന്നു. ഷൂട്ടിങ്ങിന് ദിവസം തെരഞ്ഞെടുത്തത് എന്റെ കല്യാണം കഴിഞ്ഞിട്ട് ആറാം ദിവസമാണ്. ഈ സിനിമയില്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ ഞാനൊരു മണവാളനാണ്, പുതുതായി കല്യാണം കഴിച്ചൊരാളാണ്. ഭാഗ്യമോ നിര്‍ഭാഗ്യമോ ആ സിനിമ പൂര്‍ത്തിയാകാന്‍ സാധിച്ചില്ല.

ഒരു വര്‍ഷത്തിന് ശേഷമാണ് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലേക്ക് അന്ന് നിരാശനായി പോയ എന്നെ അദ്ദേഹം വിളിക്കുന്നത്. അതാണ് ഞാനുംഎം.ടിയുമായിട്ടുള്ള ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കം,’ മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty Talks About M.T Vasudevan Nair