ബസൂക്ക എന്ന ചിത്രം തെരഞ്ഞെടുത്തത് എങ്ങനെയെന്ന് പറയുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ സംവിധായകനും കല്ലൂര്‍ ഡെന്നീസിന്റെ മകനുമായ ഡീനോ ഡെന്നീസ് കഥ പറയണമെന്ന് പറഞ്ഞ് തന്റെ പിറകെ നടന്നിരുന്നു എന്ന് മമ്മൂട്ടി പറഞ്ഞു. അച്ഛന്‍ കഥ എഴുതി എന്ന് പറഞ്ഞ് നിനക്ക് എന്ത് ക്വാളിറ്റിയാണ് ഉള്ളതെന്ന് താന്‍ അന്ന് ചോദിച്ചെന്നും പിന്നീട് കഥ കേട്ടതിന് ശേഷം ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തുവെന്ന് മമ്മൂട്ടി പറഞ്ഞു.
പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വെച്ചായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
‘ബസൂക്ക എന്ന സിനിമ വരുന്നുണ്ട്. അതിന്റെ കഥ പറയണമെന്ന് പറഞ്ഞ് കല്ലൂര്‍ ഡെന്നീസിന്റെ മകന്‍ എന്റെ പിറകേ നടക്കുന്നുണ്ടായിരുന്നു. കുറേ നാളായി ഇവന്‍ ഇങ്ങനെ നടക്കുകയാണ്. നിനക്കൊന്നും വേറെ പണിയില്ലേ, അച്ഛന്‍ എഴുതി എന്ന് പറഞ്ഞ് നിനക്കെന്താ ക്വാളിറ്റി എന്ന് ചോദിച്ചു. എന്റെ ഒരു കഥ കേള്‍ക്കണമെന്ന് അവന്‍ പറഞ്ഞു.
കഥ കേട്ടു, ചെയ്യാം എന്നുള്ള ലൈനായി. പല പ്രൊഡ്യൂസര്‍മാരോടും അന്വേഷിച്ച് നടന്നു. സംവിധായകനായിട്ടില്ല. ഈ കഥ നിന്നോളം നന്നായി ആര്‍ക്കും പറയാന്‍ പറ്റില്ല, നീ തന്നെ സംവിധാനം ചെയ്‌തോളാന്‍ ഞാന്‍ പറഞ്ഞു. അവന് ഒരു എക്‌സ്പീരിയന്‍സും ഇല്ല. ബാക്കി നിങ്ങള്‍ കാണുമ്പോള്‍ തീരുമാനിച്ചാല്‍ മതി. അവന് ഓരോ ഫ്രെയ്മും കാണാപ്പാഠമാണ്. ഓരോ സീനും, ഓരോ ഷോട്ടും കൃത്യമാണ്,’ മമ്മൂട്ടി പറഞ്ഞു.
ബ്ലെസിയോട് കാഴ്ചയുടെ കഥ എഴുതാന്‍ ആവശ്യപ്പെട്ടതിനെ പറ്റിയും മമ്മൂട്ടി സംസാരിച്ചു. കാഴ്ചയുടെ കഥ പറഞ്ഞിട്ട്, ഇത് ലോഹി സാറിനോട് ചോദിച്ചിട്ടുണ്ട് പുള്ളിക്ക് സമയമുണ്ടെങ്കില്‍ പുള്ളിയെകൊണ്ട് എഴുതിക്കണം അല്ലെങ്കില്‍ ശ്രീനിവാസന്‍ സാര്‍ ആയാല്‍ എങ്ങനെയുണ്ടാകും എന്നൊക്കെ ബ്ലെസി എന്നോട് ചോദിച്ചു. അവരൊക്കെ വേറെ പണിയുള്ളവരല്ലേ, എന്നോട് പറഞ്ഞ പോലെ ഈ കഥ ഒന്ന് എഴുതി നോക്കാന്‍ ഞാന്‍ അവനോട് പറഞ്ഞു. ഏഴാമത്തെ ദിവസം അവന്‍ പറഞ്ഞു 62 സീനായി എന്ന്. അത് ഞാന്‍ തുടരാന്‍ പറഞ്ഞു. പിന്നെ അത് വായിച്ചപ്പോള്‍ ഒക്കെയാണ്, അതാണ് കാഴ്ച,’ മമ്മൂട്ടി പറഞ്ഞു.
അതേസമയം സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്യുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു.
കിഷോര്‍കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Mammootty talks about how he chose the film Bazooka