വ്യത്യസ്തമായ സിനിമകള്‍ കൊണ്ട് ലോകത്താകമാനം ശ്രദ്ധനേടാന്‍ മലയാള സിനിമക്ക് കഴിയാറുണ്ട്. മലയാളത്തില്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാകുന്ന താരമാണ് മമ്മൂട്ടി. അഭിനയിക്കുന്ന പരീക്ഷണ ചിത്രങ്ങളിലൂടെ ഏറെ പ്രശംസ നേടാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
അദ്ദേഹത്തിന്റേതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ഈയിടെയായിരുന്നു റിലീസായത്. കണ്ണൂര്‍ സ്‌ക്വാഡ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്.
താന്‍ ഒരു അഭിനയഭ്രാന്തനും സിനിമാഭ്രാന്തനുമാണെന്ന് പറയുകയാണ് മമ്മൂട്ടി. പണ്ട് മുതലേ തുടങ്ങിയതാണ് ഈ അഭിനയഭ്രാന്തെന്നും അല്ലെങ്കില്‍ താന്‍ ഇന്ന് സിനിമാ നടനാകില്ലായിരുന്നുവെന്നും താരം പറഞ്ഞു. താന്‍ സിനിമാ നടനായില്ലെങ്കില്‍ സിനിമക്ക് തീ പിടിക്കുമെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും മലയാള സിനിമക്ക് തന്നെ സിനിമാ നടനാക്കിയേ പറ്റുള്ളൂവെന്നും മമ്മൂട്ടി പറയുന്നു.
‘ഞാന്‍ ഒരു അഭിനയഭ്രാന്തനും സിനിമാഭ്രാന്തനുമായിരുന്നു. ഇപ്പോഴും അങ്ങനെയാണ്. സിനിമയിലേക്ക് വരുന്നതിന് മുമ്പുള്ള കാര്യമാണ് പറയുന്നത്. അപ്പോള്‍ ഇന്നല്ല പണ്ട് മുതലേ തുടങ്ങിയതാണ്.
അല്ലെങ്കില്‍ ഞാന്‍ ഇന്ന് സിനിമാ നടനാകില്ലായിരുന്നു. ഞാന്‍ സിനിമാ നടനായില്ലെങ്കില്‍ സിനിമക്ക് തീ പിടിക്കുമെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. മലയാള സിനിമക്ക് എന്നെ നടനാക്കിയേ പറ്റുള്ളൂ.
അത്രത്തോളം ഞാന്‍ അതിനായി മോഹിച്ചിട്ടുണ്ട്. അല്ലാതെ എന്നെ തട്ടികളയാന്‍ സിനിമക്ക് പറ്റില്ല. എന്നെ പോലെ മോഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവരൊക്കെ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ സിനിമയിലേക്ക് വരുമായിരിക്കും,’ മമ്മൂട്ടി പറഞ്ഞു.
ഭ്രമയുഗത്തില്‍ മമ്മൂട്ടിക്ക് പുറമേ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും പ്രധാനവേഷത്തിലെത്തിയിരുന്നു. രാഹുലിന്റെ അടുത്ത സിനിമ വരുന്നുവെന്ന പ്രഖ്യാപനം വന്നത് മുതല്‍ തന്നെ സിനിമാ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. ചിത്രത്തിന് വന്‍വരവേല്‍പ്പ് തന്നെയാണ് ലഭിച്ചത്.
Content Highlight: Mammootty Talks About His Passion In Cinema