| Sunday, 2nd October 2022, 2:24 pm

സാധാരണ വഴിയില്‍ നിന്നും മാറി സഞ്ചരിക്കുന്ന അവതരണരീതിയാണ് ഈ സിനിമയില്‍; ലൂക്ക് ആന്റണി ഒരു സൈക്കോയാണ്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി ‘കെട്ട്യോളാണെന്റെ മാലാഖ’ സംവിധായകന്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. ഒക്ടോബര്‍ ഏഴിനാണ് ചിത്രം ഗ്ലോബല്‍ റിലീസായെത്തുന്നത്.

റോഷാക്കിന്റെ ഗ്ലോബല്‍ ലോഞ്ചില്‍ പങ്കെടുത്തുകൊണ്ട് റോഷാക്കിനെ കുറിച്ചും ചിത്രം നല്‍കുന്ന പ്രതീക്ഷകളെ കുറിച്ചും സംസാരിക്കുകയാണ് മമ്മൂട്ടി.

”ട്രെയ്‌ലര്‍ കണ്ടിട്ട് ഒന്നും മനസിലായില്ലെന്നാണ് ചിലര്‍ പറയുന്നത്. ഒന്നും മനസിലാകാതിരിക്കാന്‍ വേണ്ടി തന്നെയാണ് ട്രെയ്‌ലര്‍ കാണിക്കുന്നത്. അല്ലെങ്കില്‍ സിനിമ കാണിച്ചാല്‍ പോരേ.

ട്രെയ്‌ലര്‍ ചില സൂചനകള്‍ മാത്രമാണ് നല്‍കുന്നത്. അതിന്റെ പേര് തന്നെ ട്രെയ്‌ലര്‍ അല്ലെങ്കില്‍ ടീസര്‍ എന്നാണല്ലോ. നിങ്ങളെ എങ്ങനെ ആകര്‍ഷിക്കാം എന്നാണ് നോക്കുന്നത്. അതിന്റെ ചുമതല ട്രെയ്‌ലര്‍ നിര്‍വഹിച്ചിട്ടുണ്ടാകും എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ഈ സിനിമയുടെ കഥയും കഥാ സന്ദര്‍ഭങ്ങളുമൊന്നും നമ്മള്‍ പുതുതായി കാണുന്നതല്ല. ചതിയും വഞ്ചനയും കൊലപാതകവും പ്രേമവും പ്രണയനൈരാശ്യവും പോലെ എല്ലാ മനുഷ്യ വികാരങ്ങളും ഇതിലുണ്ട്.

പക്ഷെ അതിന്റെ അവതരണരീതി, സാധാരണ വഴിയില്‍ നിന്നും വഴിമാറി സഞ്ചരിക്കുന്ന ഒരു നിര്‍മാണരീതിയാണ്. അതായിരിക്കും ഈ സിനിമയില്‍ നിങ്ങള്‍ക്ക് പുതുതായി കാണാന്‍ സാധിക്കുക.

പുത്തന്‍ തലമുറയുടെ സിനിമാ സങ്കല്‍പങ്ങളെ പരിപൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന, താരതമ്യേന പുതിയ സംവിധായകന്റെ സിനിമയാണ് റോഷാക്ക്. ടൈറ്റില്‍ അനൗണ്‍സ് ചെയ്തപ്പോള്‍, അതിന്റെ അര്‍ത്ഥമെന്താണ്, വാക്കെന്താണ് എന്നൊക്കെ ആളുകള്‍ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ സിനിമ ഒന്നുകൂടെ സ്റ്റാര്‍ട്ടഡ് ഹീറ്റിങ് അപ്.

സിനിമയും അതുപോലെയാകട്ടെ,” മമ്മൂട്ടി പറഞ്ഞു.

ചിത്രത്തിലെ ‘വൈറ്റ് റൂം ടോര്‍ചര്‍’ പോസ്റ്ററിനെ കുറിച്ചും മമ്മൂട്ടി സംസാരിച്ചു.

”അത് പുതിയ കാര്യമാണ്. നമുക്കൊന്നും അത് വലിയ രീതിയില്‍ അറിയില്ലായിരുന്നു. അത് ടോര്‍ചറിങ്ങല്ല, ഒരുതരം ഇന്റൊറഗേഷന്‍ മെത്തേഡാണ്. നമ്മള്‍ ഡിസ്റ്റര്‍ബ്ഡാകും. സിനിമയില്‍ ഇത് കുറച്ചേ ഉള്ളൂ.

നമ്മള്‍ ഓരോരുത്തരും ഓരോരോ സൈക്കോകളല്ലേ. ഈ കഥാപാത്രം ലൂക്ക് ആന്റണിയും ഒരു സൈക്കോയാണെന്ന് വേണമെങ്കില്‍ പറയാം. അതിന്റെ കാരണവും സിനിമയില്‍ തന്നെ പറയുന്നുണ്ട്,” മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ഗ്രേസ് ആന്റണി നായികയാകുന്ന റോഷാക്കില്‍ ഷറഫുദ്ദീന്‍, ജഗദീഷ്, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, സഞ്ജു ശിവറാം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Content Highlight: Mammootty talks about his new movie Rorschach

We use cookies to give you the best possible experience. Learn more