മലയാള സിനിമയുടെ അഭിമാനമാണ് മമ്മൂട്ടി. മൂന്ന് പതിറ്റാണ്ടുകളിലേറെയായി സജീവമായി അഭിനയ രംഗത്തുള്ള മമ്മൂട്ടി മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ ആറ് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 15 തവണ ഫിലിംഫെയര്‍ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെതന്നെ മികച്ച എഴുത്തുകാരിലൊരാളാണ് എം.ടി വാസുദേവന്‍ നായര്‍. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, എന്നീ നിലകളില്‍ അദ്ദേഹം തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. മമ്മൂട്ടിയും എം.ടിയും ആയുള്ള ആത്മബന്ധം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ആരംഭിച്ചിട്ടുള്ളതാണ്.
എം.ടി വാസുദേവന്‍ നായര്‍ എഴുതിയ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി മലയാള സിനിമാ ലോകത്ത് സജീവമാകുന്നത്. എം.ടി രചന നിര്‍വഹിച്ച ദേവലോകം എന്ന സിനിമയായിരുന്നു മമ്മൂട്ടി ആദ്യമായി അഭിനയിച്ച ചിത്രം. എന്നാല്‍ ആ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
കല്യാണം കഴിഞ്ഞു ആറാമത്തെ ദിവസം ചിത്രീകരണമാരംഭിച്ച ദേവലോകം സിനിമ പുറത്തിറങ്ങാത്തതിനാല്‍ നിരാശനായ തന്നെ ഒരു വര്‍ഷത്തിന് ശേഷം വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത് എം.ടി ആയിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു. അന്നുതുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ഗുരുശിഷ്യ ബന്ധമെന്നും മമ്മൂട്ടി പറയുന്നു. എം.ടി കാലം നവതി വന്ദനം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ മഞ്ചേരിയില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ മമ്മൂട്ടി എന്നല്ല അവിടെ അറിയപ്പെട്ടിരുന്നത്. അഡ്വക്കേറ്റ് പി.ഐ മുഹമ്മദ് കുട്ടി എന്നാണ്. എന്റെ ഓഫീസില്‍ പോസ്റ്റ് മാന്‍ വന്ന് ചോദിച്ചു സാര്‍ ഈ മമ്മൂട്ടി എന്ന് പറയുന്ന വക്കീല്‍ ഇവിടെ ഉണ്ടോ എന്ന്. വളരെ സന്തോഷത്തോടെ ഞാന്‍ പറഞ്ഞു ഞാനാണത്.
എനിക്കൊരു കത്തുണ്ടെന്ന് പറഞ്ഞു. ജനശക്തി ഫിലിമ്‌സിന്റെ കത്താണത്. തുറന്ന് നോക്കിയപ്പോള്‍ ദേവലോകം എന്ന സിനിമയില്‍ എനിക്കൊരു വേഷമുണ്ടെന്ന് ആ കത്തില്‍ പറയുന്നതായിരുന്നു. ഈ കഥ മലയാളികള്‍ പലപ്പോഴായിട്ടും കേട്ടിട്ടുള്ളതും ഞാന്‍ പറഞ്ഞിട്ടുള്ളതുള്ളതൊക്കെ ആണ്.
ഷൂട്ടിങ്ങിന് ദിവസം തിരഞ്ഞെടുത്തത് എന്റെ കല്യാണം കഴിഞ്ഞിട്ട് ആറാം ദിവസമാണ്. ഈ സിനിമയില്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ ഞാനൊരു മണവാളനാണ്, പുതുതായി കല്യാണം കഴിച്ചൊരാളാണ്. ഭാഗ്യമോ നിര്‍ഭാഗ്യമോ ആ സിനിമ പൂര്‍ത്തിയാകാന്‍ സാധിച്ചില്ല.
ഒരു വര്‍ഷത്തിന് ശേഷമാണ് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലേക്ക് അന്ന് നിരാശനായി പോയ എന്നെ അദ്ദേഹം വിളിക്കുന്നത്. അതാണ് ഞാനും എം.ടിയുമായിട്ടുള്ള ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കം. അതിന് അപ്പുറത്തേക്ക് നിങ്ങള്‍ക്കറിയാത്തതല്ല ചരിത്രം,’ മമ്മൂട്ടി പറയുന്നു.
Content Highlight: Mammootty Talks About His First Film With M.T Vasudevan Nair