|

ജ്യോതികയുടെ ഇഷ്ടചിത്രം അതാണ്; ആ സിനിമകള്‍ കണ്ടപ്പോള്‍ നല്ല ആത്മവിശ്വാസമായി, കാതലിലേക്ക് വിളിച്ചാല്‍ വരുമെന്ന്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജ്യോതിക അഭിനയിച്ചതില്‍ ഇഷ്ടപ്പെട്ട സിനിമയെ പറ്റി സംസാരിക്കുകയാണ് മമ്മൂട്ടി. കാതല്‍ ദി കോര്‍ സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജ്യോതികയും മമ്മൂട്ടിക്കൊപ്പം അഭിമുഖത്തിനെത്തിയിരുന്നു. ഇഷ്ടപ്പെട്ട ജ്യോതിക ചിത്രം ഏതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ജ്യോതികയുടെ പടങ്ങള്‍ കാണാറുണ്ട്. ഊമയായ കഥാപാത്രമായി അഭിനയിച്ച സിനിമയില്ലേ, മൊഴി, ആ സിനിമ ഇഷ്ടമാണ്. ബാക്കിയൊക്കെ മിക്കവാറും കൊമേഴ്ഷ്യല്‍ സിനിമകളാണ്.

പിന്നെ രണ്ടാം വരവില്‍ മഞ്ജു വാര്യറുടെ സിനിമയുടെ റീമേക്ക് ഒക്കെ ചെയ്തില്ലേ. അതുകൊണ്ടാണ് കാതലിലേക്ക് ജ്യോതികയെ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചത്. കാരണം ഇപ്പോള്‍ ജ്യോതികയുടേതായി അങ്ങനത്തെ സിനിമകളാണ് വരുന്നത്. പൊലീസ് ഓഫീസറായി അഭിനയിച്ച ഒരു സിനിമയുണ്ട്, നാച്ചിയാര്‍. അതൊക്കെ കണ്ടപ്പോള്‍ ജ്യോതികയെ വിളിച്ചാല്‍ വരും എന്നൊരു ധാരണയുണ്ടായിരുന്നു. ജ്യോതിക വരുമെന്ന് എനിക്ക് ഒരു ആത്മവിശ്വാസമുണ്ടായിരുന്നു,’ മമ്മൂട്ടി പറഞ്ഞു.

രണ്ടാം വരവില്‍ അത്തരം സിനിമകള്‍ ചെയ്യണമെന്ന് ബോധപൂര്‍വമായ ഒരു തീരുമാനമുണ്ടായിരുന്നുവെന്ന് ജ്യോതികയും പറഞ്ഞു. ‘മലയാള സിനിമയില്‍ അഭിനയിക്കാനായി നിരവധി കോളുകള്‍ വരുന്നുണ്ടായിരുന്നു. എല്ലാം വ്യത്യസ്തമായ കഥകളായിരുന്നു. എന്നാല്‍ ഭാഷയുടെ ഒരു പ്രശ്‌നമുണ്ടായിരുന്നു. മലയാളം വളരെ പ്രയാസമാണ് പഠിക്കാന്‍. എന്നാല്‍ കാതല്‍ വളരെ സ്‌പെഷ്യലായി തോന്നി,’ ജ്യോതിക പറഞ്ഞു.

നവംബര്‍ 23നാണ് കാതല്‍ ദി കോര്‍ റിലീസ് ചെയ്തത്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ആണ്. മമ്മൂട്ടി കമ്പനി നിര്‍മിച്ച കാതല്‍ തിയേറ്ററുകളിലെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

Content Highlight: Mammootty talks about his favorite jyothika film