|

പെട്ടുപോയില്ലേയെന്ന് കരുതി ചെയ്തതാണ്; ഡാന്‍സ് മാസ്റ്ററിന്റെ കയ്യും കാലും പിടിച്ചു: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ എത്തിയ ആദ്യ മലയാള സിനിമയാണ് ഇത്. ടര്‍ബോയുടെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി മമ്മൂട്ടിക്കമ്പനി നിര്‍മിച്ച ചിത്രമാണ് ഡൊമിനിക്.

സിനിമയില്‍ മമ്മൂട്ടിയുടെ ഡാന്‍സ് സ്റ്റെപ്പുകളും ഉണ്ടായിരുന്നു. താന്‍ മമ്മൂട്ടിയോട് ഡാന്‍സ് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം വേണ്ടായെന്ന് പറഞ്ഞ മമ്മൂട്ടി പിന്നീട് എതിര്‍പ്പ് പ്രകടിപ്പിക്കാതെ ഡാന്‍സ് ചെയ്യുകയായിരുന്നുവെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ മുമ്പ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ ഡൊമിനിക്കിലെ തന്റെ ഡാന്‍സിനെ കുറിച്ച് പറയുകയാണ് മമ്മൂട്ടി. ഡാന്‍സ് അത്ര പരിചയമുള്ള ആളല്ല താനെന്നും കലാമണ്ഡലത്തില്‍ പോയി പഠിച്ചിട്ടില്ലെന്നും അതുകൊണ്ട് ഡാന്‍സ് കളിക്കാന്‍ പൊതുവെ മടിയാണെന്നും നടന്‍ പറയുന്നു.

ഡൊമിനിക്കില്‍ ഡാന്‍സ് ചെയ്യാന്‍ സംവിധായകന്‍ ധൈര്യം തരികയായിരുന്നെന്നും സിനിമയില്‍ കണ്ടതിന്റെ മൂന്നിരട്ടി ഡാന്‍സ് സ്റ്റെപ്പുകള്‍ ഉണ്ടായിരുന്നെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ഡൊമിനിക്കിലെ ഡാന്‍സ് എത്രത്തോളം മോശമായിട്ടുണ്ടോ അത്രത്തോളം ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

‘സ്വാഭാവികമായും ഞാന്‍ ഡാന്‍സ് അത്ര പരിചയമുള്ള ആളല്ല. ഞാന്‍ ഡാന്‍സ് പഠിച്ചിട്ടില്ല. കലാമണ്ഡലത്തിലൊന്നും പോയിട്ടുമില്ല. അതുകൊണ്ട് ഡാന്‍സ് കളിക്കാന്‍ പൊതുവെ മടിയാണ്. പിന്നെ ഡൊമിനിക്കില്‍ ഡാന്‍സ് ചെയ്യാന്‍ ഗൗതം സാര്‍ ധൈര്യം തരികയായിരുന്നു.

അവസാനം ‘എന്തുമാകട്ടെ. വന്ന് പെട്ടുപോയില്ലേ’ എന്ന് കരുതി ഡാന്‍സ് ചെയ്തു പോയതാണ്. സിനിമയില്‍ കണ്ടതിന്റെ മൂന്നിരട്ടി ഉണ്ടായിരുന്നു. ഞാന്‍ അതില്‍ നിന്ന് ഇറങ്ങിയിറങ്ങി പുറകോട്ട് വന്നതാണ്.

പിന്നെ ഡാന്‍സ് മാസ്റ്ററിന്റെ കയ്യും കാലും പിടിച്ചു. സിനിമയിലെ ഡാന്‍സ് എത്രത്തോളം മോശമായിട്ടുണ്ടോ അത്രത്തോളം ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു (ചിരി),’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty Talks About His Dance In Dominic And Ladies Purse Movie