'വില്ലനെന്നും നായകനെന്നുമുണ്ടോ...' ഭ്രമയുഗത്തില്‍ വില്ലനാണോ എന്ന ചോദ്യത്തിന് മറുപടിയുമായി മമ്മൂട്ടി
Film News
'വില്ലനെന്നും നായകനെന്നുമുണ്ടോ...' ഭ്രമയുഗത്തില്‍ വില്ലനാണോ എന്ന ചോദ്യത്തിന് മറുപടിയുമായി മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th February 2024, 3:40 pm

മലയാളി പ്രേക്ഷകര്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങള്‍ ചെയ്യുന്ന മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് ഇത്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്.

ചിത്രത്തില്‍ മമ്മൂട്ടി ഒരു നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രമായാണ് എത്തുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിനിമയില്‍ വില്ലനായാണോ എത്തുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മമ്മൂട്ടി.

ചോദ്യത്തിന് മറുപടി പറയുന്നതിന് മുമ്പ് അദ്ദേഹം ചിരിയോടെ സിനിമ പുറത്തിറങ്ങാന്‍ രണ്ടു ദിവസം കൂടെയല്ലേയുള്ളൂവെന്ന് തിരിച്ചു ചോദിച്ചു. വില്ലനെന്ന വാക്ക് പോലും ഇല്ലാതിരുന്ന കാലത്തുള്ള കഥയാണ് സിനിമ പറയുന്നതെന്നും സിനിമയില്‍ ആ കഥാപാത്രത്തിന് ഒരുപാട് മിസ്റ്ററിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

‘വില്ലന്‍ എന്ന വാക്ക് പോലും ഇല്ലാതിരുന്ന കാലത്തുള്ള കഥയാണ് സിനിമ പറയുന്നത്. സാധാരണ കാണുന്ന ദുഷ്ടനായ കഥാപാത്രങ്ങളെ വില്ലനെന്ന് വിളിക്കുന്ന ഒരു കാലം ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല.

സിനിമയില്‍ ആ കഥാപാത്രത്തിന് ഒരുപാട് മിസ്റ്ററിയുണ്ട്. അത് നമ്മള്‍ ഇവിടെ പറഞ്ഞാലും നിങ്ങള്‍ സിനിമ കണ്ടശേഷം ആരോടെങ്കിലും പോയി പറഞ്ഞാലും പിന്നീട് കാണാന്‍ പോകുന്ന ആള്‍ക്ക് അതിന്റെ ത്രില്ല് നഷ്ടമാകും.

വില്ലന്‍ നായകന്‍ എന്നൊന്ന് ഈ സിനിമയിലുണ്ടോ. ഇല്ല, വില്ലനും നായകനുമില്ല കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്ളത്. എല്ലാത്തരം വികാരങ്ങളും ഉള്ളവരാണ് അവര്‍. പിന്നെ ധര്‍മവും അധര്‍മവും ഉള്ള സിനിമയാണ് ഇതെന്ന് പറയാന്‍ കഴിയില്ല. അതൊക്കെ നിങ്ങള്‍ക്ക് കണ്ടെത്താം,’ മമ്മൂട്ടി പറയുന്നു.

ടെക്നോളജി ഇത്രയും വളര്‍ന്ന കാലഘട്ടത്തില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ ഇറക്കിയാല്‍ അതിന്റെ പ്രസക്തി എന്താകുമെന്ന ചോദ്യത്തിനും മമ്മൂട്ടി മറുപടി പറഞ്ഞു.

‘പ്രസക്തിയൊന്നും നോക്കിയിട്ടില്ല. ഒരു കാലഘട്ടത്തിന്റെ കഥയാണിത്. സിനിമ ഇല്ലാതിരുന്ന കാലഘട്ടത്താണ് ഈ സിനിമ നടക്കുന്നത്. അതുകൊണ്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റ് തെരഞ്ഞെടുത്തുവെന്ന് വേണമെങ്കില്‍ പറയാം.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നത് പുതിയ തലമുറ ഒട്ടും അനുഭവിച്ചിട്ടില്ലാത്ത ഒരു സംഭവമാണ്. അതുകൊണ്ട് അതൊന്ന് കണ്ടറിയാം, അതുമല്ല ഈ സിനിമ അതിനു പറ്റിയ ഒരു സിനിമയാണ്. ആളുകള്‍ക്ക് കുറച്ചുകൂടെ ഈ സിനിമയെ സത്യസന്ധമായി മനസിലാക്കാം എന്ന് തോന്നിയതു കൊണ്ടാണ് ഈ സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുത്തത്,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty Talks About His Charactor In Bramayugam Movie