| Sunday, 2nd October 2022, 3:13 pm

1971ന് ശേഷം ഞാന്‍ വരുന്നത് 1980ലാണ്, അതിനിടയിലെ ഒമ്പത് കൊല്ലം ആരുടെ കണക്കില്‍ കൂട്ടുമോ ആവോ; 'അമ്പത് വര്‍ഷം നീണ്ട സിനിമാ ജീവിതം' കമന്റിന് മമ്മൂട്ടിയുടെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1971ല്‍ കെ.എസ്. സേതുമാധവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ ‘മുഖം കാണിച്ച’ നടനാണ് മമ്മൂട്ടി. പിന്നീട് 1980കള്‍ക്ക് ശേഷമാണ് താരം മലയാള സിനിമയില്‍ സജീവമായതും ഇന്നത്തെ മെഗാ സ്റ്റാര്‍ പദവിയിലേക്ക് വന്നതും.

1971ല്‍ സിനിമയില്‍ മുഖം കാണിച്ചു എന്നുകരുതി താന്‍ സിനിമയില്‍ സജീവമായിട്ട് അമ്പത് വര്‍ഷം കഴിഞ്ഞു എന്ന് പറയുന്നത് ശരിയല്ല, എന്ന് പറയുകയാണ് മമ്മൂട്ടി. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റോഷാക്കിന്റെ ഗ്ലോബല്‍ ലോഞ്ചില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്പത് വര്‍ഷത്തിലധികമായി സിനിമയോടുള്ള പാഷന്‍ നിലനിര്‍ത്തുകയാണല്ലോ എന്ന അവതാരകയുടെ കമന്റിന് മറുപടി പറയുകയായിരുന്നു താരം.

”ഞാന്‍ 1971ല്‍ ഒരു സിനിമയില്‍ അഭിനയിച്ച ശേഷം പിന്നെ 1980ലാണ് സിനിമയില്‍ അഭിനയിച്ചത്. അതിനിടക്ക് ഒരു ഒമ്പത് കൊല്ലമുണ്ട്. അത് ആരുടെ കണക്കില്‍ കൂട്ടുമോ ആവോ,” മമ്മൂട്ടി പറഞ്ഞു.

ഓള്‍മോസ്റ്റ് 50 വര്‍ഷം എന്ന് അവതാരക പറഞ്ഞപ്പോള്‍, ”41ഉം 50ഉമൊക്കെ ഓള്‍മോസ്റ്റാണോ. എന്നാപ്പിന്നെ ഓള്‍മോസ്റ്റ് 100 ആക്കിക്കോ എനിക്കിപ്പൊ എന്താ ബുദ്ധിമുട്ട്?

ശരിക്ക് പറഞ്ഞാല്‍ ഞാന്‍ സിനിമയില്‍ ആക്ടീവ് ആകുന്നത് 1981ലാണ്. അതിപ്പൊ ഏകദേശം നാല്‍പത് വര്‍ഷമായി. അത് നമുക്ക് അംഗീകരിക്കാം. പക്ഷെ 50 വര്‍ഷം എന്ന് പറയുന്നത് ഇത്തിരി കൂടുതലാ.

സിനിമ എന്താണെന്ന് പോലും അറിയാതിരുന്ന കാലത്ത് ഞാനൊന്ന് മുഖം കാണിച്ച് പോയതാണ്. പക്ഷെ കമല്‍ഹാസനൊക്കെ ഒരുപാട് കാലം തുടര്‍ച്ചയായി അഭിനയിച്ചിട്ടുണ്ട്.

പക്ഷെ അന്ന് ആ മുഖം കണ്ടിട്ട് നമ്മളെ പിന്നെ ആരും വിളിച്ചില്ല. അതോടുകൂടി ഇയാള്‍ നിര്‍ത്തി നാടുവിട്ടോ എന്ന് കരുതി ആരും വിളിച്ചില്ല. പിന്നെ ഞാന്‍ പിറകെ നടന്നൊക്കെ ഒപ്പിച്ചതാണിത്.

അമ്പത് വര്‍ഷം ഞാന്‍ സിനിമയുടെ പിറകെ നടന്നുവെന്ന് വേണമെങ്കില്‍ കണക്കാക്കാം,” മമ്മൂട്ടി പറഞ്ഞു.

‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. ഒക്ടോബര്‍ ഏഴിനാണ് ചിത്രം ഗ്ലോബല്‍ റിലീസായെത്തുന്നത്.

ഗ്രേസ് ആന്റണി നായികയാകുന്ന റോഷാക്കില്‍ ഷറഫുദ്ദീന്‍, ജഗദീഷ്, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, സഞ്ജു ശിവറാം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Content Highlight: Mammootty talks about his 50 years old film journey

We use cookies to give you the best possible experience. Learn more