| Monday, 12th December 2022, 5:18 pm

നല്ല ഉദ്ദേശത്തില്‍ ചെയ്തതായിരുന്നു, പക്ഷെ പ്രിന്റുകള്‍ അയക്കുന്നവര്‍ക്ക് ചെറിയൊരു അബന്ധം പറ്റിയതാണ്: 'രഹസ്യം' പുറത്തുവിട്ട് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി, മോഹന്‍ലാല്‍, ജൂഹി ചൗള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത സിനിമയാണ് ഹരികൃഷ്ണന്‍സ്. 1998ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നാണ്.

മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച ഈ സിനിമയെ കുറിച്ചുള്ള ഒരു രഹസ്യം 24 വര്‍ഷങ്ങള്‍ക്കിപ്പുറം പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.

ഹരികൃഷ്ണന്‍സിന് കേരളത്തിലെ രണ്ട് സ്ഥലങ്ങളില്‍ രണ്ട് ക്ലൈമാക്‌സുകള്‍ വന്നതിന്റെ കാരണമാണ് ഇപ്പോള്‍ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് മേഖലകളില്‍ രണ്ട് ക്ലൈമാക്‌സുകള്‍ വന്നത് ചില പദ്ധതികള്‍ പൊളിഞ്ഞതുകൊണ്ടാണ് എന്നാണ് മമ്മൂട്ടി പറയുന്നത്.

കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഹരികൃഷ്ണന്‍സിന്റെ കഥയില്‍ രണ്ട് കഥാന്ത്യങ്ങള്‍ (ക്ലൈമാക്‌സ്) ഉണ്ട്. ഹരിയും കൃഷ്ണനും രണ്ട് പേരാണ്. അവര്‍ രണ്ട് പേരും ഒരേ പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു.

ആ പെണ്‍കുട്ടി ഇവരില്‍ ആരെ തെരഞ്ഞെടുക്കുന്നു എന്നുള്ളതാണ് ഈ സിനിമയുടെ അവസാനഭാഗം. അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണോപാധിയായി രണ്ട് തരത്തിലുള്ള ക്ലൈമാക്‌സുകള്‍ വെച്ചിരുന്നു.

ഒന്ന് പെണ്‍കുട്ടിയെ കൃഷ്ണന് കിട്ടുന്നതും ഒന്ന് ഹരിക്ക് കിട്ടുന്നതും. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല. ഒരു നഗരത്തില്‍ തന്നെ ഒരേ സമയം രണ്ട് തിയേറ്ററുകളില്‍ രണ്ട് രീതിയിലുള്ള കഥാന്ത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ രണ്ട് രീതിയും കാണുവാന്‍ ആളുകള്‍ വരും എന്നുള്ള ദുര്‍ബുദ്ധിയോട് കൂടി അല്ലെങ്കില്‍ സുബുദ്ധിയോട് കൂടി ചെയ്ത കാര്യമാണ്.

പക്ഷെ അത് പ്രിന്റുകള്‍ അയക്കുന്നവരുടെ കൂട്ടത്തില്‍ നിന്നും ചെറിയൊരു അബന്ധം പറ്റിയതാണ്. രണ്ട് തിയേറ്ററുകള്‍ക്ക് പകരം രണ്ട് ഭാഗങ്ങളിലേക്ക്, സ്ഥലങ്ങളിലേക്ക് ആയിപ്പോയി. ഉദ്ദേശം വളരെ നല്ലതായിരുന്നു.

എന്നാലും ഹരിക്ക് കിട്ടിയാലും കൃഷ്ണന് കിട്ടിയാലും സിനിമ കാണുന്ന, അതില്‍ വിഷമമില്ലാത്ത, സന്തോഷിക്കുന്ന ഒരു സിനിമാ പ്രേക്ഷകര്‍ നമ്മളിലുണ്ട്. അതുകൊണ്ടാണ് ആ സിനിമ ഇത്രയും വലിയ വിജയമായതും ഈ വേദിയില്‍ അതിനെ പറ്റി വന്ന് സംസാരിക്കാനിടയായതും,” മമ്മൂട്ടി പറഞ്ഞു.

ഇന്നസെന്റ്, കുഞ്ചാക്കോ ബോബന്‍, ബാബുരാജ്, നെടുമുടി വേണു എന്നിവരായിരുന്നു ഹരികൃഷ്ണന്‍സില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്.

Content Highlight: Mammootty talks about HariKrishnans movie and its climax

We use cookies to give you the best possible experience. Learn more