| Thursday, 19th January 2023, 2:05 pm

സന്തോഷിക്കുന്നതിനേക്കാള്‍ പത്തിരട്ടി വിഷമിക്കുന്ന ആളാണ് ഞാന്‍; കൂട്ടിനോക്കുമ്പോള്‍ നഷ്ടമാണ്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിതത്തിലുണ്ടാകുന്ന സന്തോഷത്തെ കുറിച്ചും നഷ്ടങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടി. പോയ വര്‍ഷത്തെ ഏറ്റവും വലിയ സന്തോഷം എന്താണെന്ന ചോദ്യത്തിനാണ് സന്തോഷങ്ങളേയും സങ്കടങ്ങളേയും സമീപിക്കുന്ന തന്റെ രീതിയെ കുറിച്ചൊക്കെ മമ്മൂട്ടി സംസാരിക്കുന്നത്.

എടുത്തു പറയാവുന്ന ഒരുപാട് വിജയങ്ങള്‍ ഉണ്ടായ വര്‍ഷമല്ലേ കഴിഞ്ഞുപോയത്, പോയവര്‍ഷത്തെ ഏറ്റവും വലിയ സന്തോഷമെന്താണെന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടോയെന്ന ചോദ്യത്തിന് സന്തോഷത്തേക്കാള്‍ പത്തിരട്ടിയാണ് ഒരു വിഷമം ഉണ്ടായാല്‍ തനിക്ക് അത് അനുഭവപ്പെടുക എന്നാണ് മമ്മൂട്ടി പറയുന്നത്. സന്തോഷവും സങ്കടവും ഒരുമിച്ച് തട്ടിച്ചു നോക്കിയാല്‍ തനിക്ക് നഷ്ടമായിരിക്കുമെന്നും മമ്മൂട്ടി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘സന്തോഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സങ്കടപ്പെടുന്ന ആളാണ് ഞാന്‍. എന്തെങ്കിലും സന്തോഷമുണ്ടാകുമ്പോള്‍ ഭയങ്കരമായി സന്തോഷിക്കുന്നതിനേക്കാള്‍ ഒരു വിഷമം ഉണ്ടാകുമ്പോള്‍ കൂടുതലായി വിഷമിക്കുന്ന ആളാണ് ഞാന്‍. ആ വിഷമം സന്തോഷിക്കുന്നതിന്റെ പത്തിരട്ടി ആണ്. കൂട്ടിനോക്കുമ്പോള്‍ നഷ്ട്ടമാണ്,’ മമ്മൂട്ടി പറഞ്ഞു.

നന്‍പകല്‍ നേരത്ത് മയക്കം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ കുറിച്ചും മമ്മൂട്ടി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ‘നമ്മളില്‍ ഒക്കെ ഉള്ള കാര്യങ്ങള്‍ തന്നെയാണ് സിനിമയിലും കാണിക്കുന്നത്. പക്ഷെ സിനിമ ഒരു തൊട്ടുണര്‍ത്തലാണ്. നമുക്കൊക്കെയുണ്ടത്.

യോജിക്കേണ്ട സമയത്തൊക്കെ നമ്മള്‍ കൃത്യമായിട്ട് യോജിക്കും. നമ്മള്‍ ഒന്നായിട്ടു തന്നെ നില്‍ക്കും. പിന്നെ സ്വാര്‍ത്ഥതയുടെ പേരില്‍ ചെറിയ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായെന്ന് വരാം. എങ്കിലും അതൊക്കെ മാറി തിരിച്ച് വരിക തന്നെ ചെയ്യും. മനുഷ്യര്‍ക്ക് മനുഷ്യരേയുള്ളു ആശ്രയം. അല്ലാതെ വേറെ ആരുമില്ല. ഈ സിനിമയും അത് വല്ലാതെ പറഞ്ഞ് വെക്കുന്നുണ്ട്.

ഭാഷ-ജാതി-മത-വര്‍ണ്ണ വിവേചനകള്‍ക്കപ്പുറത്തേക്ക് മനുഷ്യന്‍ മനുഷ്യനെ മനുഷ്യനായി തന്നെ കാണണം. എല്ലാ തരത്തിലുള്ള വിവേചനകളെയും അതിലംഘിച്ചു കൊണ്ട് മനുഷ്യത്വം മുന്നേറുന്നതാണ് ഈ സിനിമ. ഈ സിനിമയുടെ പിറകില്‍ ഞാന്‍ പറഞ്ഞ ഈ വികാരമുണ്ട്. മനുഷ്യര്‍ മനുഷ്യര്‍ ആയി മാറുന്ന സമയമുണ്ട്. നമ്മള്‍ തമിഴരെ പാണ്ടി എന്നും അവര്‍ മലയാളത്താന്‍ എന്നും വിളിക്കുന്ന ആളുകള്‍ തമ്മില്‍ ആ മനോഭാവങ്ങള്‍ ഉരുകി ഒലിച്ചു പോകുന്നത് കാണാം ഈ സിനിമയില്‍,’ എന്ന് മമ്മൂട്ടി പറഞ്ഞു.

ഈ മാസം 19നാണ് നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളിലെത്തിയത്. അശോകന്‍, രമ്യ പാണ്ഡ്യന്‍, അശ്വന്ത് അശോക് കുമാര്‍, ഗിരീഷ് പെരിഞ്ചീരി, സഞ്ജന ദിപു, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Mammootty talks about happiness and losses in his life

We use cookies to give you the best possible experience. Learn more