|

അന്ന് ഞാന്‍ ആ നടനോട് സാധാരണ എന്നോട് പെരുമാറുന്നത് പോലെ പെരുമാറരുതെന്ന് പറഞ്ഞു: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ എത്തിയ ആദ്യ മലയാള സിനിമയാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ്. ടര്‍ബോയുടെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി മമ്മൂട്ടിക്കമ്പനി നിര്‍മിച്ച ചിത്രമാണിത്. മമ്മൂട്ടിക്ക് പുറമെ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രമായ ഡൊമിനിക് ആയി അഭിനയിച്ചപ്പോള്‍ അയാളുടെ അസിസ്റ്റന്റായ വിഘ്‌നേഷ് ആയിട്ടാണ് ഗോകുല്‍ സിനിമയില്‍ എത്തിയത്. ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സില്‍ ഗോകുല്‍ സുരേഷിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഞാന്‍ ഗോകുലിന്റെ അച്ഛനൊപ്പം അഭിനയിച്ചിട്ടുള്ള ആളാണ്. അതുകൊണ്ട് സ്വാഭാവികമായിട്ടും അവന് എന്നോട് ഒരു ഫാദര്‍ലി റെസ്‌പെക്ട് ഉണ്ടാകും. അത് ഡൊമിനിക്കില്‍ കാണരുതെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു.

സെറ്റിലേക്ക് വരുമ്പോള്‍ എന്നെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കുന്ന പരിപാടിയൊക്കെ അവന് ഉണ്ടായിരുന്നു. അപ്പോള്‍ അങ്ങനെയൊന്നും ചെയ്യേണ്ടെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. സാധാരണ നീ എന്നോട് പെരുമാറുന്നത് പോലെ പെരുമാറരുതെന്നും പറഞ്ഞു.

സിനിമയിലേത് പോലെ ഒരു സീനിയറും അസിസ്റ്റന്റും തമ്മിലുള്ള ബന്ധം മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. നീ എന്നെ മമ്മൂക്കയായോ മമ്മൂട്ടി ചേട്ടനായോ കാണരുത്. അത്രമാത്രമാണ് ഞാന്‍ അവനോട് പറഞ്ഞത്. ഗോകുല്‍ അവന്റെ ആ കഥാപാത്രത്തെ വളരെ ഭംഗിയായി തന്നെ ചെയ്തു.

ഞങ്ങളുടേത് വളരെ നല്ല ഒരു കോമ്പിനേഷന്‍ തന്നെയായിരുന്നു. പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അവന് ഞങ്ങളുടെ കൂടെ അഭിനയിക്കുമ്പോള്‍ ഒരുപാട് എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. അത് ആ സിനിമയിലുമുണ്ട്. അതാണ് ആ കഥാപാത്രം സിനിമയില്‍ വളരെ സ്വീറ്റായത്,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty Talks About Gokul Suresh And Dominic And Ladies Purse Movie

Video Stories