| Thursday, 2nd February 2023, 10:48 pm

വിമര്‍ശനങ്ങള്‍ പരിഹാസങ്ങള്‍ ആകാതിരുന്നാല്‍ മതി, അതിരുവിട്ട് പോകുന്നത് അവിടെയാണ്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നന്‍പകല്‍ നേരത്ത് മയക്കം എന്ന ഹിറ്റ് സിനിമക്ക് ശേഷം മമ്മൂട്ടി നായകനായെത്തുന്ന സിനിമയാണ് ക്രിസ്റ്റഫര്‍. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, ശരത് കുമാര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി ദുബായില്‍ വെച്ച് നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയാണ് മമ്മൂട്ടി.

അടുത്തകാലത്ത് ഇറങ്ങുന്ന സിനിമകളെ കുറിച്ച് പലരും സോഷ്യല്‍ മീഡിയയില്‍ റിവ്യു എഴുതുന്നുണ്ട്. ആ എഴുത്തിന് അനുസരിച്ചാകും പലപ്പോഴും സിനിമകള്‍ കാണാന്‍ ആളുകള്‍ തിേയറ്ററില്‍ എത്തുന്നത്. സിനിമ കണ്ടിട്ടില്ലാത്തവര്‍ വരെ ഇത്തരം റിവ്യൂകള്‍ നടത്താറുമുണ്ട്. ഇത്രയും വര്‍ഷം സിനിമാ മേഖലയിലുള്ള ആളെന്ന നിലയില്‍, ഈ ഇന്‍ഡസ്ട്രിയെ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ് എന്നുള്ളത് കൊണ്ടുതന്നെ, എങ്ങനെയാണ് മമ്മൂട്ടി ഈ വിഷയത്തെ കാണുന്നത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകാണ് താരം.

സിനിമാ നിരൂപണങ്ങളുടെ ശരിയും തെറ്റും അന്വേഷിച്ച്‌ പോയിട്ട് കാര്യമില്ലെന്നും വിമര്‍ശിക്കുന്നത് പ്രശ്‌നമല്ലെന്നും എന്നാല്‍ വിമര്‍ശനങ്ങള്‍ പരിഹാസങ്ങളാകാതെയിരുന്നാല്‍ മതിയെന്നും മമ്മൂട്ടി പറഞ്ഞു. പലപ്പോഴും വിമര്‍ശനങ്ങള്‍ പരിഹാസമാകുമ്പോഴാണ് അതിരുവിട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അതിന്റെ മെറിറ്റ്‌സും ഡി മെറിറ്റ്‌സുമൊന്നും നമ്മള്‍ അന്വേഷിച്ച് പോയിട്ട് കാര്യമില്ല. അവക്കൊക്കെ പല അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ ഉണ്ട്. വിമര്‍ശനങ്ങള്‍ പരിഹാസങ്ങള്‍ ആകാതിരുന്നാല്‍ മതി. പലപ്പോഴും അതിര് വിട്ട് പോകുന്നത് അവിടെയാണെന്നാണ് എനിക്ക് തോന്നുന്നത്. അത് നല്ലതല്ല,’ മമ്മൂട്ടി പറഞ്ഞു.

ക്രിസ്റ്റഫറിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. പെലീസ് ഓഫിസറായിട്ടാണ് സിനിമയില്‍ മമ്മൂട്ടിയെത്തുന്നത്. പ്രമുഖ താരനിര അണി നിരക്കുന്ന സിനിമയില്‍ നിരവധി പുതുമുഖങ്ങളുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ വിജയങ്ങള്‍ നേടി മുന്നേറുന്ന മമ്മൂട്ടിയുടെ അടുത്ത സിനിമക്കായി പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഫെബ്രുവരി 9നാണ് ക്രിസ്റ്റഫര്‍ തിയേറ്ററുകളുലെത്തുന്നത്.

content highlight: mammootty talks about film reviews

We use cookies to give you the best possible experience. Learn more