മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്. മാര്‍ച്ച് മൂന്നിന് തന്നെയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഹേ സിനാമികയും റിലീസ് ചെയ്യുന്നത്.
ഇന്ത്യന്‍ സിനിമയിലാദ്യമായാണ് അച്ഛന്റേയും മകന്റേയും ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത്. സാധാരണ ദുല്‍ഖറിന്റെ ചിത്രങ്ങള്‍ക്കായി മമ്മൂട്ടി പ്രമോഷന് ചെയ്യാറില്ല.
ഇതിനു വിപരീതമായി ആദ്യമായി ദുല്‍ഖറിന്റെ ചിത്രത്തിന് മമ്മൂട്ടി പ്രമോഷന് നല്‍കിയത് കുറുപ്പിന് വേണ്ടിയായിരുന്നു. എന്നാല്‍ താന്‍ തന്നെ ഫോണ്‍ അടിച്ചു മാറ്റി ചെയ്തതാണെന്ന് ദുല്‍ഖര്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് ട്രോളന്മാരും ഏറ്റെടുത്തിരുന്നു.
ഈ സംഭവത്തെ പറ്റി ഇപ്പോള്‍ മമ്മൂട്ടി തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്കിയ അഭിമുഖത്തില്‍ ദുല്‍ഖറിന്റെ പരാമര്‍ശത്തെ പറ്റി ചോദിച്ചപ്പോഴാണ് ഇക്കാര്യം മമ്മൂട്ടി പറഞ്ഞത്.
‘ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ ഫോണ്‍ എടുത്തോട്ടെ എന്ന് ചോദിച്ചിട്ട് എടുത്തുകൊണ്ട് പോയതാണ്. സത്യം ശരിയാണ്. പിന്നെ നമ്മള് അത് വിളിച്ച് കൂവരുതല്ലോ. ഏകദേശം അങ്ങനെ തന്നെയായിരുന്നു,’ മമ്മൂട്ടി പറഞ്ഞു.
ബിഗ് ബി റിലീസ് ചെയ്ത് 15 വര്‍ഷത്തിന് ശേഷമാണ് അമല്‍ നീരദുമായി മമ്മൂട്ടി ഒന്നിക്കുന്നത്. ബിലാലിനെ പോലെയല്ല ഭീഷ്മ പര്‍വത്തിലെ മൈക്കിളെന്നും മമ്മൂട്ടി പറഞ്ഞു.
‘ബിലാലിലേയും ഭീഷ്മ പര്വത്തിലേയും കഥാപാത്രങ്ങള്‍ രണ്ടാണ്. രണ്ട് ജീവിത സാഹചര്യങ്ങളില്‍ രണ്ട് കാലഘട്ടത്തില്‍ ജീവിക്കുന്നവരാണ്. മൈക്കിളിന്റേത് 86 കാലഘട്ടമാണ്. ബിലാല്‍ അതു കഴിഞ്ഞുള്ളയാളാണ്,’ മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഭീഷ്മ പര്‍വം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വന്ഹൈപ്പിലെത്തുന്ന ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്ഹാന് ഫാസില്‍, ദിലീഷ് പോത്തന്, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
അതേസമയം പാന്‍ ഇന്ത്യന്‍ റിലീസായാണ് ദുല്‍ഖറിന്റെ ഹേ സിനാമിക എത്തുന്നത്. കൊറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധായികയാവുന്ന ചിത്രത്തില്‍ അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍.
തമിഴ്, മലയാളം, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘കണ്ണും കണ്ണും കൊളളയടിത്താല്‍’ എന്ന സിനിമയ്ക്കു ശേഷം ദുല്‍ഖര്‍ സല്മാന് നായകനാവുന്ന തമിഴ് സിനിമ കൂടിയാണ് ഹേ സിനാമിക.
മാര്‍ച്ച് മൂന്നിന് തന്നെയാണ് ടൊവിനോ-ആഷിഖ് അബു കൂട്ടുകെട്ടിന്റെ നാരദനും തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്.
Content Highlight: Mammootty talks about Dulquer took his phone for Kurup