| Sunday, 17th December 2023, 12:14 pm

പുറത്തിറങ്ങുമ്പോള്‍ ആരും മൈന്‍ഡ് ചെയ്യാത്ത, സെല്‍ഫിയെടുക്കാത്ത അവസ്ഥ വന്നാല്‍ എന്തുചെയ്യും; ശരിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്ലായിടത്തും എല്ലാ ആളുകളും തന്നെ അറിയണമെന്നില്ലെന്ന് മമ്മൂട്ടി. ചിലപ്പോള്‍ ട്രെയ്‌നില്‍ കേറുമ്പോഴോ റോഡില്‍ കൂടി പോകുമ്പോഴോ ആളുകള്‍ ഫോട്ടോ എടുക്കാന്‍ വരാറില്ലെന്നും സായിപ്പന്മാര്‍ക്കോ മദാമ്മമാര്‍ക്കോ തന്നെ അറിയണമെന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.

മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ‘ഒരു ദിവസം ആരും തിരിച്ചറിയുന്നില്ല, ആരും വന്ന് സെല്‍ഫി എടുക്കാന്‍ വരുന്നില്ല, ആരും മൈന്‍ഡ് ചെയ്യുന്നില്ല, അങ്ങനെ ഒരു ദിവസം വന്നാല്‍ എന്തായിരിക്കും മനസില്‍ കടന്നുപോകുന്നത്’ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘പുറത്ത് പോവുമ്പോള്‍ അങ്ങനെ സംഭവിക്കുന്നതാണ്. ഇപ്പോഴാണെങ്കില്‍ അങ്ങനെ സംഭവിക്കണമെങ്കില്‍ എനിക്ക് വല്ല ഓര്‍മക്കേടും സംഭവിക്കണം. ആളുകള്‍ക്ക് നമ്മളെ മനസിലാവില്ലേ. പിന്നെ ഇവിടെ അങ്ങനെ സംഭവിച്ചാലേ അതിനെ പറ്റി പറയാന്‍ പറ്റുകയുള്ളൂ. അല്ലേല്‍ തന്നെ എല്ലായിടത്തും അങ്ങനെ അറിയണമെന്നില്ല.

ട്രെയ്‌നില്‍ കേറുമ്പോഴോ റോഡില്‍ കൂടി പോകുമ്പോഴോ എപ്പോഴും ആളുകള്‍ ഫോട്ടോ എടുക്കാനൊന്നും വരില്ല. സായിപ്പന്മാരോ മദാമ്മമാരോ നമ്മളെ അറിയണമെന്നില്ല. നമ്മളെ അറിയാത്ത ഒരുപാട് ആളുകളുണ്ട്. അറിയുന്നവര്‍ വളരെ കുറവാണ്,’ മമ്മൂട്ടി പറഞ്ഞു.

കാതലാണ് ഒടുവില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ ജ്യോതിക ആയിരുന്നു നായിക. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ആണ്. മമ്മൂട്ടി കമ്പനി നിര്‍മിച്ച കാതല്‍ തിയേറ്ററുകളിലെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രാഹുല്‍ സദാശിവത്തിന്റെ ഭ്രഹ്‌മയുഗം, വൈശാഖിന്റെ ടര്‍ബോ, ഡീനോ ഡെന്നീസിന്റെ ബസൂക്ക എന്നിവയാണ് ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

Content Highlight: Mammootty talks about being a stranger in public

We use cookies to give you the best possible experience. Learn more